കലൂർ സ്റ്റേഡിയം നവീകരണത്തിൽ മെല്ലെപ്പോക്കെന്ന പരാതിയുമായി സ്റ്റേഡിയത്തിലെ വ്യാപാരികൾ. നവീകരണം നീണ്ടുപോകുന്നത് കച്ചവടത്തെ ബാധിക്കുന്നുണ്ടെന്ന് വ്യാപാരികൾ പറഞ്ഞു.

കൊച്ചി: മെസ്സി വരില്ലെന്നുറപ്പായതോടെ കലൂർ സ്റ്റേഡിയം നവീകരണത്തിൽ മെല്ലെപ്പോക്കെന്ന പരാതിയുമായി സ്റ്റേഡിയത്തിലെ വ്യാപാരികൾ. നവീകരണം നീണ്ടുപോകുന്നത് കച്ചവടത്തെ ബാധിക്കുന്നുണ്ടെന്ന് വ്യാപാരികൾ പറഞ്ഞു. സ്റ്റേഡിയം നവീകരണം 30നകം തന്നെ പൂർത്തിയാക്കണമെന്ന് സ്പോൺസറോട് ആവശ്യപ്പെട്ടിരിക്കുകയാണ് ജിസിഡിഎ. പൂർത്തിയായതും ബാക്കിയുള്ളതുമായ ജോലികൾ ജിസിഡിഎ വിലയിരുത്തും.

നവംബർ 17ന് ടീം അർജന്‍റീന എത്തില്ലെന്ന് ഉറപ്പായതോടെ കലൂർ സ്റ്റേഡിയം നവീകരണ ജോലികൾ ഇഴഞ്ഞു നീങ്ങുകയാണെന്നാണ് വ്യാപാരികളുടെ പരാതി. അറ്റകുറ്റപ്പണികൾ നീണ്ടുപോകുന്നത് കച്ചവടത്തെ ബാധിക്കുന്നുണ്ടെന്നും എത്രയും വേഗം നിർമാണം പൂർത്തിയാക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു. സ്റ്റേഡിയം നവീകരണം നവംബർ 30 നകം തന്നെ പൂർത്തിയാക്കി ജിസിഡിഎയ്ക്ക് കൈമാറാൻ സ്പോൺസറോട് എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടിട്ടുണ്ട്. അറ്റകുറ്റപ്പണികൾ യഥാസമയം പൂർത്തിയാക്കുന്നുവെന്ന് സെക്രട്ടറി ഉറപ്പാക്കണം. ഇതുവരെ ചെയ്ത കാര്യങ്ങളും ഇനി ബാക്കിയുള്ള ജോലികളും നവീകരണത്തിനായി രൂപീകരിച്ച രണ്ട് കമ്മിറ്റികൾ വിലയിരുത്തും. സ്റ്റേഡിയം നവീകരണത്തിന് 70 കോടി രൂപ ചെലവഴിച്ചെന്ന സ്പോൺസറുടെ അവകാശവാദത്തെ തുടർന്നാണ് തീരുമാനം.