വന്ദേഭാരത് ട്രെയിനിന് നൽകുന്ന അമിത പ്രാധാന്യം മൂലം മറ്റ് ട്രെയിനുകളിലെ യാത്രക്കാർ ദുരിതമനുഭവിക്കുന്നു. 

തിരുവനന്തപുരം: വന്ദേഭാരത് പ്രീമിയം ട്രെയിനിന് നൽകുന്ന അമിത പ്രാധാന്യം മറ്റ് ട്രെയിനുകളിലെ യാത്രക്കാർക്ക് ദുരിതമായി മാറിയെന്ന് പരാതി. അപ്രതീക്ഷിതമായി ഉണ്ടാകുന്ന തടസ്സങ്ങൾ കാരണം മണിക്കൂറുകളോളം പിടിച്ചിടുന്ന ട്രെയിനുകളിൽ, ആദ്യം വന്ദേഭാരതിനെ കടത്തിവിടുകയും മറ്റ് വണ്ടികളെ തടഞ്ഞുവെക്കുകയും ചെയ്യുന്ന റെയിൽവേയുടെ നടപടിക്കെതിരെ ഫ്രണ്ട്സ് ഓൺ റെയിൽസ് രംഗത്തെത്തി.

ഇന്നലെ അകമലയിലുണ്ടായ മണ്ണിടിച്ചിൽ കാരണം ട്രെയിൻ സർവീസുകൾ താറുമാറായിരുന്നു. ഈ സാഹചര്യത്തിൽ, റെയിൽവേയുടെ ചില തീരുമാനങ്ങൾ വന്ദേഭാരത് ഒഴികെയുള്ള ട്രെയിനുകളിലെ യാത്രക്കാർക്ക്, പ്രത്യേകിച്ച് കൈക്കുഞ്ഞുങ്ങൾ, കുട്ടികൾ, രോഗികൾ എന്നിവർക്ക് വലിയ ദുരിതമാണ് സമ്മാനിച്ചത്. അഞ്ചു മണിക്കൂറിലധികമായി നരകയാതന അനുഭവിക്കുന്ന യാത്രക്കാരുള്ള വണ്ടികൾ, വന്ദേഭാരത് കടന്നുപോയ ശേഷമേ കടത്തിവിടൂ എന്ന റെയിൽവേയുടെ നിലപാടാണ് സ്ഥിതി ഇത്രയും ഗുരുതരമാക്കിയത്.

വന്ദേഭാരതിൻ്റെ സമയക്രമം തെറ്റാതിരിക്കാൻ തൃശൂർ ഭാഗത്തേക്ക് ഡൗൺ ലൈനിൽ പോകാൻ അനുമതി നൽകിയെന്ന് റിപ്പോർട്ടുകൾ പറയുന്നു. മറ്റ് ട്രെയിനുകളെയും സമാനമായി കടത്തിവിടുകയും, സൗകര്യപ്രദമായ സ്റ്റേഷനുകളിൽ വന്ദേഭാരതിനെ കയറ്റിവിടുകയും ചെയ്തിരുന്നെങ്കിൽ ഇത്രയും ഗുരുതരമായ സാഹചര്യം ഒഴിവാക്കാമായിരുന്നുവെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. വന്ദേഭാരതിൻ്റെ സമയനിഷ്ഠ പാലിക്കാൻ വേണ്ടി മറ്റ് ട്രെയിനുകളിലെ യാത്രികരെ ബന്ദികളാക്കുന്ന സമീപനം തികച്ചും പ്രതിഷേധാർഹമാണ്.

ഇത് കാരണം പിറ്റേ ദിവസത്തെ ട്രെയിനുകൾ പോലും റീഷെഡ്യൂൾ ചെയ്യേണ്ടി വന്നത് അടുത്ത ദിവസത്തെ യാത്രക്കാർക്കും പ്രയാസങ്ങൾ സൃഷ്ടിച്ചു. വന്ദേഭാരതിൽ യാത്ര ചെയ്യുന്നവർക്ക് മാത്രം നൽകുന്ന ഈ അമിത പരിഗണന മറ്റ് ട്രെയിനുകളിലെ യാത്രക്കാരെ ദോഷകരമായി ബാധിക്കാതെ നോക്കേണ്ട ഉത്തരവാദിത്വം റെയിൽവേക്കുണ്ടെന്നും ഫ്രണ്ട്സ് ഓൺ റെയിൽസ് വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു.