സംസ്ഥാനത്ത് മികച്ച പോളിങ് നടന്നതിനിടെ പന്ത്രണ്ടോളം മണ്ഡലങ്ങളിൽ വ്യാപകമായി കള്ളവോട്ട് നടന്നതായി ആരോപണം ഉയർന്നു. പയ്യന്നൂരിൽ വ്യാജ ഐഡി കാർഡ് ഉപയോഗിച്ചും, മറ്റ് മണ്ഡലങ്ങളിൽ പോസ്റ്റൽ വോട്ടിൽ കൃത്രിമം കാണിച്ചും കള്ളവോട്ട് നടന്നുവെന്ന് യുഡിഎഫും എൽഡിഎഫും പരാതിപ്പെട്ടു.  

കണ്ണൂര്‍: മികച്ച പോളിങ് നടന്ന സംസ്ഥാനത്ത് പന്ത്രണ്ടോളം മണ്ഡലങ്ങളിൽ വ്യാപക കള്ളവോട്ട് ആരോപണമുണ്ടായി. പയ്യന്നൂരിൽ വ്യാജ ഐഡന്റിറ്റി കാർഡ് ഉപയോഗിച്ച് വ്യാപക കള്ളവോട്ട് നടന്നുവെന്ന് യു.ഡി.എഫ് സ്ഥാനാർഥി വി.കുഞ്ഞികൃഷ്ണൻ ആരോപിച്ചു. വടക്കാഞ്ചേരിയിലും കുറ്റ്യാടിയിലും അന്പലപ്പുഴയിൽ വോട്ടർ അറിയാതെ വോട്ട് പോസ്റ്റൽ വോട്ടായി ചെയ്തുവെന്നും പരാതിയുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

വടക്കാഞ്ചേരിയിലും മലന്പുഴയിലും ഷോർണ്ണൂരിലും ഒറ്റപ്പാലത്തും വട്ടിയൂർക്കാവിലും ചെങ്ങന്നൂരിലും കൊയിലാണ്ടിയിലും ബേപ്പൂരിലും പിറവത്തും പയ്യന്നൂരിലും അമ്പലപ്പുഴയിലും തിരുവമ്പാടി മണ്ഡലത്തിലുമാണ് കള്ളവോട്ട് ആരോപണം ഉയർന്നത്. പയ്യന്നൂരിലെ കള്ളവോട്ട് ആരോപണത്തിൽ ഗുരുതര ആരോപണമാണ് യുഡിഎഫ് സ്ഥാനാർഥി വി കുഞ്ഞിക്കൃഷ്ണൻ ഉന്നയിച്ചത്. കള്ളവോട്ട് ചെയ്തവരെ പ്രിസൈഡിങ് ഓഫീസർ ഓടി രക്ഷപ്പെടാൻ അനുവദിച്ചുവെന്ന് കുഞ്ഞിക്കൃഷ്ണൻ. വോട്ടർ അറിയാതെ വോട്ട് പോസ്റ്റൽ വോട്ടായി ചെയ്തതിന് പിന്നിൽ വൻ അട്ടിമറിയെന്ന് കുറ്റ്യാടിയിലെ യു.ഡി.എഫ് സ്ഥാനാർഥി പാറക്കൽ അബ്ജുള്ള പറ‍ഞ്ഞു.

മലന്പുഴ പുതുപ്പരിയാരത്തും വട്ടിയൂർക്കാവ് കാച്ചാണിയിലും ഷൊർണ്ണൂർ പരുത്തിപ്രയിലും ഒറ്റപ്പാലം മീറ്റ്നയിലും കള്ളവോട്ട് പരാതിയിൽ യഥാർഥ വോട്ടർമാർക്ക് ടെൻഡർ വോട്ട് അനുവദിച്ചു. പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക്സ് കോളേജിൽ എൺപത്തിയാറാം നമ്പർ ബൂത്തിൽ കള്ളവോട്ട് പരാതിയുണ്ടായി. പാറത്തോട് പുളിക്കൽ ഫാത്തിമയുടെ വോട്ട് മറ്റൊരാൾ ചെയ്തതെന്ന് യുഡിഎഫ് പ്രവർത്തകർ ആരോപിച്ചു. ചെങ്ങന്നൂർ മണ്ഡലത്തിലെ തിരുവൻവണ്ടൂരിൽ ബിജെപി 39-ാം ബൂത്ത് പ്രസിഡണ്ട് എ.ജി.ഗോപാലകൃഷ്ണൻ്റെ വോട്ട് മറ്റൊരാൾ ചെയ്തുവെന്നും പരാതി ഉയര്‍ന്നു. കൊയിലാണ്ടി തിരുവങ്ങൂർ വെസ്റ്റ് ബൂത്തിലെ വോട്ടർ നൗഷാദ് പാടത്തോടിയുടെ വോട്ട് മാറ്റാരോ ചെയ്തുവെന്നായിരുന്നു മറ്റൊരു പരാതി. പാലാ തലപ്പലത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെയും ഭാര്യയുടെയും വോട്ട് ബിജെപി പ്രവർത്തകർ ചെയ്തുവെന്ന് സിപിഎം ആരോപിച്ചു. ബ്രാഞ്ച് സെക്രട്ടറി ജോസ്ദേവസ്യ, ഭാര്യ ലിസി ജോസ് എന്നിവരുടെ വോട്ടുകൾ നേരത്തെ ചെയ്തുവെന്നാണ് ആക്ഷേപം.

പയ്യന്നൂർ കണ്ടോത്ത് എ എൽ പി സ്കൂളിൽ വ്യാജ ഐഡി കാർഡ് പിടിച്ചതായി യു ഡി എഫ് പ്രവർത്തകർ ആരോപിച്ചു. കണ്ണൂർ റൂറൽ എസ് പി സ്ഥലത്തെത്തി പരിശോധന നടത്തി. പിറവം കൂത്താട്ടുകുളം മുനിസിപ്പാലിറ്റിയിലെ 194 നമ്പർ ബൂത്തിൽ കള്ളവോട്ട് എന്ന് പരാതി. സോഫി എന്ന സ്ത്രീയുടെ വോട്ട് നേരത്തെ പോൾ ചെയ്തതായി ഉദ്യോഗസ്ഥർ. ബേപ്പൂർ മണ്ഡലത്തിലെ കൊളത്തറയിൽ വ്യാജ ഐ‍ഡി കാർഡുമായി കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചയാളെ പിടികൂടി. കൽപ്പറ്റ കരിങ്കുറ്റിയിൽ ആശ വർക്കർ എൽഡിഎഫ് പോളിങ്ങ് ഏജന്റായി എത്തിയത് യുഡിഎഫ് എതിർത്തു. സർക്കാർ വേതനം പറ്റുന്നവർ പോളിങ്ങ് ഏജൻ്റാവരുത് എന്നാണ് ചട്ടം. കോഴിക്കോട് കല്ലാച്ചിയിൽ യുഡിഎഫ് പ്രവർത്തകർ ഓപ്പൺ വോട്ട് ചെയ്യാൻ കൊണ്ടുവന്ന വയോധികന്റെ വോട്ട് എൽഡിഎഫ് പ്രവർത്തകർ ചെയ്തെന്നും പരാതി ഉയര്‍ന്നു. തിരുവമ്പാടി മണ്ഡലത്തിലെ ഈങ്ങാപ്പുഴ എംജിഎം ഹയർ സെക്കൻ്ററി സ്കൂളിലെ ഇരുപത്തി ഏഴാം നമ്പർ ബൂത്തിലും കള്ളവോട്ട് ആരോപണമുണ്ടായി