Asianet News MalayalamAsianet News Malayalam

വയനാട്ടിലെ ഏഴ് പ്രദേശങ്ങളില്‍ 18 വയസ് കഴിഞ്ഞവരില്‍ സമ്പൂര്‍ണ ആദ്യ ഡോസ് വാക്‌സിനേഷന്‍

വൈത്തിരി, തരിയോട്, പൊഴുതന, പുല്‍പ്പള്ളി, എടവക, നൂല്‍പ്പുഴ തുടങ്ങിയ പഞ്ചായത്തുകളും കല്‍പ്പറ്റ മുന്‍സിപ്പാലിറ്റിയുമാണ് 18 വയസിന് മുകളിലുള്ള മുഴുവന്‍ പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയത്. 

Completed first dose vaccination over 18 years old in seven areas of Wayanad
Author
Wayanad, First Published Aug 8, 2021, 6:35 PM IST

തിരുവനന്തപുരം: വയനാട് ജില്ലയിലെ ഏഴ് തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ 18 വയസിന് മുകളില്‍ പ്രായമുള്ളവരില്‍  മുഴുവന്‍ പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വൈത്തിരി, തരിയോട്, പൊഴുതന, പുല്‍പ്പള്ളി, എടവക, നൂല്‍പ്പുഴ തുടങ്ങിയ പഞ്ചായത്തുകളും കല്‍പ്പറ്റ മുന്‍സിപ്പാലിറ്റിയുമാണ് 18 വയസിന് മുകളിലുള്ള മുഴുവന്‍ പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയത്. 

വയനാട്, കാസര്‍ഗോഡ് ജില്ലകള്‍ 45 വയസിന് മുകളില്‍ പ്രായമുള്ള മുഴുവന്‍ പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് വയനാട് ജില്ലയിലെ ഏഴ് തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ ആദ്യമായി ലക്ഷ്യം കൈവരിച്ചതെന്നും മന്ത്രി വ്യക്തമാക്കി. ആദിവാസികള്‍ ഏറെയുള്ള ഈ മേഖലയിലെ മുഴുവന്‍ പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കാന്‍ പരിശ്രമിച്ച എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, മറ്റ് സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയ എല്ലാവരേയും മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. ജില്ലാ കളക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍, അര്‍.സി.എച്ച്. ഓഫീസര്‍, പ്ലാനിംഗ് ഓഫീസര്‍ എന്നിവരാണ് ജില്ലയിലെ വാക്‌സിനേഷന് നേതൃത്വം നല്‍കിയത്. 

ഏറ്റവുമധികം ആദിവാസികളുള്ള പുല്‍പ്പള്ളി, നൂല്‍പ്പുഴ, വൈത്തിരി പഞ്ചായത്തുകളില്‍ മുഴുവന്‍ പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ എടുക്കാനായത് ആരോഗ്യ മേഖലയെ സംബന്ധിച്ച് വലിയ നേട്ടമാണ്. മാര്‍ച്ച് മിഷന്‍, മോപ്പപ്പ് മേയ്, ഗോത്രരക്ഷ ജൂണ്‍ തുടങ്ങിയ മിഷനുകള്‍ ഓരോ മാസത്തിലും സംഘടിപ്പിച്ചാണ് വാക്‌സിനേഷന്‍ ആദ്യഘട്ട യജ്ജം സാക്ഷാത്ക്കരിച്ചത്. പ്ലാന്റേഷന്‍ മേഖലയില്‍ തൊഴില്‍ വകുപ്പുമായി സഹകരിച്ചാണ് ആദ്യ ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയത്.

ജനുവരി 16 മുതലാണ് സംസ്ഥാനത്ത് വാക്‌സിനേഷന്‍ ആരംഭിച്ചത്. അന്നുമുതല്‍ വലിയ പ്രവര്‍ത്തനമാണ് വയനാട് ജില്ല നടത്തുന്നത്. ഓരോ തദ്ദേശസ്വയംഭരണ പ്രദേശങ്ങളും തയ്യാറാക്കിയ വാക്‌സിനേഷന്‍ പ്ലാന്‍ അനുസരിച്ചാണ് വാക്‌സിനേഷന്‍ പ്രക്രിയ പുരോഗമിക്കുന്നത്. സകല പേര്‍ക്കും വാക്‌സിന്‍ ലഭിച്ചുവെന്ന് ഉറപ്പാക്കാന്‍ തെരഞ്ഞെടുപ്പ് പ്രക്രിയ പോലെയാണ് ഇവിടെ വാക്‌സിനേഷന്‍ പ്രക്രിയ നടത്തിയത്. വാക്‌സിന്‍ എടുക്കാത്തവരുടെ വീടുകളില്‍ പോയി സ്ലിപ്പ് നല്‍കി അവരെ സ്‌കൂളുകളില്‍ എത്തിച്ചാണ് വാക്‌സിന്‍ നല്‍കിയത്. 

ദുഷ്‌കരമായ പ്രദേശങ്ങളില്‍ പോലും വാക്‌സിനേഷന്‍ ഉറപ്പാക്കാന്‍ 13 മൊബൈല്‍ ടീമുകളെയാണ് സജ്ജമാക്കിയത്. ആദിവാസി ഊരുകള്‍ കേന്ദ്രീകരിച്ച് മൊബൈല്‍ ടീമുകള്‍ പ്രത്യേക ദൗത്യത്തിലൂടെയാണ് വാക്‌സിന്‍ നല്‍കിയത്. ജില്ലാ ഭരണകൂടം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ട്രൈബല്‍ വകുപ്പ്, കുടുംബശ്രീ, ആശാ വര്‍ക്കര്‍മാര്‍ എന്നിവര്‍ ദൗത്യത്തിന്റെ ഭാഗമായി. വാക്‌സിനേഷനായി വിമുഖത കാട്ടിയവര്‍ക്ക് അവബോധവും നല്‍കിയാണ് ആദ്യഘട്ട യജ്ജം പൂര്‍ത്തിയാക്കിയത്. രണ്ടാം ഡോസ് എടുക്കേണ്ട സമയം ആകുമ്പോള്‍ മുഴുവന്‍ പേര്‍ക്കും വാക്‌സിന്‍ നല്‍കാനുള്ള പദ്ധതികളും അവിഷ്‌ക്കരിച്ചിട്ടുണ്ട്. അങ്ങനെ സമ്പൂര്‍ണ വാക്‌സിനേഷന്‍ പ്രദേശങ്ങളായി ഇത് മാറും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios