Asianet News MalayalamAsianet News Malayalam

വിജയദാസിന് നിയമസഭ ആദരമര്‍പ്പിക്കും, സംസ്കാരം നാളെ രാവിലെ 11 മണിക്ക്

കെ.വി.വിജയദാസ് വളരെ ജനകീയനായ ഒരു നേതാവാണെന്ന് സ്പീക്കര്‍ അനുസ്മരിച്ചു. ഒരു സാധാരണക്കാരനായി ജീവിതം ആരംഭിച്ച്,  ജനോപകാരപ്രദമായ ധാരാളം സാമൂഹിക, രാഷ്ട്രീയ പ്രവർത്തനങ്ങളിലൂടെ  നേതൃനിരയിൽ എത്തിയ ആളാണ് അദ്ദേഹം. 

condolence to KV Vijayadas
Author
Thiruvananthapuram, First Published Jan 18, 2021, 10:01 PM IST

തിരുവനന്തപുരം: അന്തരിച്ച സിപിഎം എംഎൽഎ കെ.വി.വിജയദാസിന് നാളെ നിയമസഭ ആദരമര്‍പ്പിക്കും. നിയമസഭാ സമ്മേളനം തിരുവനന്തപുരത്ത് പുരോഗമിക്കുന്നതിനിടെയാണ് സഭയിൽ കോങ്ങാട് നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കെ.വി.വിജയദാസ് എംഎൽഎയുടെ മരണവാര്‍ത്ത വരുന്നത്. അന്തരിച്ച അംഗത്തിന് ആദരമര്‍പ്പിച്ച് സഭ നാളെ പിരിയും. നാളത്തെ കാര്യപരിപാടികൾ മറ്റന്നാളത്തേക്ക് മാറ്റിവച്ചതായി സ്പീക്കറുടെ ഓഫീസ് അറിയിച്ചു. 

നിലവിൽ തൃശ്ശൂര്‍ മെഡി.കോളേജിൽ സൂക്ഷിച്ചിരിക്കുന്ന കെ.വി.വിജയദാസിൻ്റെ മൃതദേഹം നാളെ രാവിലെ സ്വദേശമായ എലപ്പുള്ളിയിലേക്ക് കൊണ്ടു പോകും. രാവിലെ 7 മുതൽ വീട്ടിൽ പൊതു ദർശനത്തിന് വയ്ക്കുന്ന മൃതദേഹം പിന്നീട് എലപ്പുള്ളി സര്‍ക്കാര്‍ സ്കൂളിലും പൊതുദര്‍ശനത്തിന് വയ്ക്കും.  പത്ത് മണിയോടെ സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിക്കുന്ന മൃതദേഹം അവിടെ പൊതുദര്‍ശനത്തിന് വച്ച ശേഷം പതിനൊന്ന് മണിയോടെ സംസ്കരിക്കും.  

കർഷക പ്രസ്ഥാനത്തിനും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും വലിയ നഷ്ടമാണ് കെ.വി.വിജയദാസിൻ്റെ അകാലവിയോഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു  കർഷക കുടുംബത്തിൽ നിന്ന് പൊതുരംഗത്തേക്ക് വന്ന അദ്ദേഹം കർഷകരുടെ ക്ഷേമത്തിനുവേണ്ടി ത്യാഗപൂർവമായി  പ്രവർത്തിച്ചു. പാലക്കാട് ജില്ലയിൽ  സിപിഐഎമ്മിന്റെ  വളർച്ചയിൽ വലിയ സംഭാവന നൽകിയ നേതാവായിരുന്നു വിജയദാസെന്നും മുഖ്യമന്ത്രി അനുശോചന കുറിപ്പിൽ പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ പാലക്കാടിന്റെ വികസനത്തിന് വിലപ്പെട്ട സംഭാവനകൾ അദ്ദേഹം നൽകി.  നിയമസഭയിലെ പ്രവർത്തനത്തിലും സമൂഹത്തിലെ അധ:സ്ഥിതരുടെ പ്രശ്നങ്ങൾക്കാണ് അദ്ദേഹം മുൻഗണന നൽകിയത്.  സാധാരണക്കാർക്ക് ആശ്വാസം നൽകുന്നതിനാണ്  സഹകരണ രംഗത്ത്  പ്രവർത്തിക്കുമ്പോഴും അദ്ദേഹം ശ്രമിച്ചതെന്ന്  മുഖ്യമന്ത്രി പറഞ്ഞു. 

കെ.വി.വിജയദാസ് വളരെ ജനകീയനായ ഒരു നേതാവാണെന്ന് സ്പീക്കര്‍ അനുസ്മരിച്ചു. ഒരു സാധാരണക്കാരനായി ജീവിതം ആരംഭിച്ച്,  ജനോപകാരപ്രദമായ ധാരാളം സാമൂഹിക, രാഷ്ട്രീയ പ്രവർത്തനങ്ങളിലൂടെ  നേതൃനിരയിൽ എത്തിയ ആളാണ് അദ്ദേഹം. സഹകരണ പ്രസ്ഥാനത്തിനും, സഹകരണ ബാങ്കുകളുടെ വളർച്ചയ്ക്കും അദ്ദേഹം നൽകിയ സംഭാവന സ്തുത്യർഹമാണ്. അദ്ദേഹത്തിൻ്റെ വിയോഗം കുടുംബത്തിനെന്ന പോലെ പാർട്ടിയ്ക്കും നാടിനു തന്നെയും വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു - എംഎൽഎയുടെ നിര്യാണത്തിൽ അനുശോചിച്ചു കൊണ്ട് സ്പീക്കര്‍ പറഞ്ഞു. 

സഖാവ് കെ വി വിജയദാസിന്റെ അകാലമരണം ഏറെ ദുഃഖവും ഞെട്ടലുമുണ്ടാക്കുന്നതാണെന്ന് മന്ത്രി എകെ ബാലൻ അനുശോചന കുറിപ്പിൽ പറഞ്ഞു. കോവിഡ്- 19 ബാധിച്ച് ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നപ്പോഴും തുടർന്നും ദിവസവും വിജയദാസിന്റെ ആരോഗ്യസ്ഥിതി അന്വേഷിച്ചു കൊണ്ടിരുന്നു. അൽപ്പം ഗുരുതരാവസ്ഥയിലെത്തിയപ്പോഴും ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയായിരുന്നു.

പാലക്കാട് ജില്ലയിൽ അടിസ്ഥാന വർഗത്തെ ഇടതുപക്ഷത്തോട് അടുപ്പിക്കുന്നതിൽ വലിയ പങ്കുവഹിച്ച നേതാവാണ് വിജയദാസ്.  സഹോദരനെ നഷ്ടപ്പെട്ട പ്രതീതിയാണ് എനിക്കുള്ളത്. ഈ ദുഃഖം പ്രകടിപ്പിക്കാൻ വാക്കുകൾ പര്യാപ്തമല്ല. പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ നടത്തിയ പ്രവർത്തനങ്ങളിലൂടെ  കേരളത്തിൽ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആദ്യമായി ഒരു ചെറുകിട ജലവൈദ്യുത പദ്ധതിക്ക് രൂപം കൊടുത്തത് പാലക്കാട് ജില്ലയിൽ മീൻ വല്ലത്താണ്. വിജയദാസ് ആ പദ്ധതി യഥാർഥ്യമാക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചു. ഞാൻ വൈദ്യുതി വകുപ്പ് മന്ത്രിയായിരുന്ന കാലത്ത് ആ പദ്ധതിക്ക് എല്ലാ സഹായങ്ങളും നൽകി. ഒരു വെല്ലുവിളി എന്ന രൂപത്തിലാണ് ആ പദ്ധതി അദ്ദേഹം ഏറ്റെടുത്തത്.

എം എൽ എ എന്ന നിലയിലും ചെറിയ കാലയളവിൽ മാതൃകാപരമായ പ്രവർത്തനമാണ് അദ്ദേഹം നടത്തിയത്. സഭക്കുള്ളിലും മണ്ഡലത്തിലും മികച്ച പ്രവർത്തനം നടത്തി ജനങ്ങൾക്ക് പ്രിയങ്കരനായ ജനപ്രതിനിധിയായി. പട്ടികജാതി ക്ഷേമസമിതിയിലും അദ്ദേഹം നല്ല പ്രവർത്തനം നടത്തിയിരുന്നു. പാലക്കാട് ജില്ലയിൽ എം നാരായണന്റെ വേർപാടിനു ശേഷം താങ്ങാനാവാത്തതാണ് വിജയദാസിന്റെ വിയോഗം. വിജയദാസിന്റെ ഓർമ്മക്കു മുന്നിൽ ഒരു പിടി രക്തപുഷ്പം അർപ്പിക്കുന്നു. പാർടി പ്രവർത്തകരുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു - എ.കെ.ബാലൻ പറ‍ഞ്ഞു. 
 

Follow Us:
Download App:
  • android
  • ios