കേരളത്തിന്‍റെ സവിശേഷതകളെക്കുറിച്ച്  അരുണ്‍ ജെയ്റ്റ്‍ലിക്ക് നല്ല ധാരണയുണ്ടായിരുന്നു. 

തിരുവനന്തപുരം: ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന അരുണ്‍ ജെയ്റ്റ്‍ലിയുടെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപി രാഷ്ട്രീയത്തിലെ വേറിട്ട മുഖമായിരുന്നു അരുണ്‍ ജെയ്റ്റ്‍ലിയെന്ന് പിണറായി അനുസ്മരിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വ്യത്യസ്ത മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച അദ്ദേഹം ഭരണരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചു. രാഷ്ട്രീയ-സാമ്പത്തിക കാര്യങ്ങള്‍ അപഗ്രഥിക്കുന്നതില്‍ ജെയ്റ്റ്‍ലിക്ക് അസാധാരണമായ കഴിവുണ്ടായിരുന്നു. കേരളത്തിന്‍റെ സവിശേഷതകളെക്കുറിച്ച് ധാരണയുള്ള വ്യക്തിയായിരുന്നു അദ്ദേഹം. ജെയ്റ്റ്‍ലിയുടെ വേർപാടിൽ കുടുംബാംഗങ്ങൾക്കൊപ്പം ദു:ഖം പങ്കിടുന്നു- പിണറായി ഫേസ്ബുക്കില്‍ കുറിച്ചു. 

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം 

വിഭിന്നമേഖലകളില്‍ പ്രാഗത്ഭ്യം തെളിയിക്കുകയും ഭരണരംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത നേതാവായിരുന്നു അരുണ്‍ജെയ്റ്റ്‍ലി. നിയമപാണ്ഡിത്യം പാര്‍ലമെന്‍ററി പ്രവര്‍ത്തനത്തില്‍ തിളങ്ങാന്‍ അദ്ദേഹത്തിന് സഹായമായി. രാഷ്ട്രീയ-സാമ്പത്തിക കാര്യങ്ങള്‍ അപഗ്രഥിക്കുന്നതില്‍ അദ്ദേഹത്തിന് അസാധാരണമായ പാടവമുണ്ടായിരുന്നു. ബി.ജെ.പി. രാഷ്ട്രീയത്തിലെ വേറിട്ട മുഖമായിരുന്നു ജെയ്റ്റ്‍ലി

മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യം കണ്ട കേന്ദ്രമന്ത്രിമാരില്‍ ഒരാള്‍ അന്ന് ധനമന്ത്രിയായിരുന്ന ജെയ്റ്റ്‍ലിയെയായിരുന്നു. കേരളത്തിന്‍റെ സവിശേഷതകളെക്കുറിച്ച് അദ്ദേഹത്തിന് നല്ല ധാരണയുണ്ടായിരുന്നു. വേർപാടിൽ കുടുംബാംഗങ്ങൾക്കൊപ്പം ദു:ഖം പങ്കിടുന്നു.