കൊല്ലം: കൊല്ലം പുനലൂരിൽ പ്രവാസി ആത്മഹത്യ ചെയ്തു. വീട് ജപ്തി ചെയ്യാൻ ബാങ്ക് നോട്ടീസ് പതിച്ചതിന്‍റെ മനോവിഷമത്തെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. പുനലൂർ പ്ലാത്തറ സ്വദേശി അജയകുമാർ ആണ് മരിച്ചത്. നിയമപരമായ നടപടി മാത്രമാണ് ചെയ്തതതെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു.

പുനലൂർ മുത്തുക്കുഴി പ്ലാത്തറ പുത്തൻവീട്ടിൽ അജയകുമാറാണ് ആത്മഹത്യ ചെയ്തത്. പ്രവാസിയായിരുന്ന അജയകുമാർ 2016 ലാണ് പത്തനാപുരം പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൽ നിന്നും വീടുവയ്ക്കാനായി നാല് ലക്ഷം രൂപ വായ്പ എടുത്തത്. ഒരു വർഷം മുൻപ് ഹൃദയ സംബന്ധമായ അസുഖത്തെത്തുടർന്ന് നാട്ടിലെത്തിയ അജയകുമാറിന്റെ വായ്പ തിരിച്ചടവ് മുടങ്ങി. 

ഇതിനെ തുടർന്ന്, ജപ്തി നടപടികളുമായി ബാങ്ക് മുന്നോട്ട് പോകുകയായിരുന്നു. ബാങ്ക് നടപടികളില്‍ അജയകുമാര്‍ അസ്വസ്ഥനായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. അതേസമയം, നിയമപരമായ കാര്യങ്ങള്‍ മാത്രമാണ് ചെയ്തതെന്നാണ് ബാങ്ക് അധികൃതരുടെ നിലപാട്.