തിരുവനന്തപുരം: മേനംകുളം തുമ്പ കിൻഫ്ര അപ്പാരൽ പാർക്കിലെ ഇൻട്രോയൽ ഫർണിച്ചറിന്‍റെ നിർമ്മാണ യൂണിറ്റിന് തീപിടിച്ചു. ഇൻട്രോയൽ ഫർണിച്ചറിന്‍റെ മെത്തയുടെ നിർമ്മാണ യൂണിറ്റിനാണ് തീപിടിച്ചത്. രാത്രി ഒൻപതരയോട് കൂടിയാണ് തീപിടുത്തം ഉണ്ടായത്. കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് തീപിടുത്തം ആദ്യം കണ്ടത്. 

വലിയ തോതിൽ പുക ഉയരുന്നത് കണ്ട് നോക്കുമ്പോഴാണ് തീ പടർന്ന് പിടിക്കുന്നത് ശ്രദ്ധയിൽ കണ്ടത്. ഉടൻ തന്നെ കഴക്കൂട്ടം പോലീസിലും ഫയർഫോഴ്‌സിലും അറിയിച്ചു. തുടർന്ന് കഴക്കൂട്ടം ടെക്നോപാർക്കിലുള്ള രണ്ട് യൂണിറ്റ് അഗ്നിശമന സേന എത്തി ഒരു മണിക്കൂറിന് ശേഷമാണ് തീ അണച്ചത്. പ്രദേശത്തെ മറ്റ് സ്ഥലങ്ങളിലേക്ക് തീ പടർന്ന് പിടിക്കാത്തതിനാൽ വൻ ദുരന്തം ഒഴിവായി. നാശനഷ്ടത്തിന്‍റെ കണക്ക് വ്യക്തമായിട്ടില്ല.

"