പൊതുജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കുന്ന നീക്കങ്ങൾ അംഗങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്ന് സംസ്ഥാന അധ്യക്ഷൻ നിർദ്ദേശം നൽകിയതായാണ് വിവരം.
പാലക്കാട്: ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയിൽ പാർട്ടി അംഗങ്ങൾക്കിടയിലെ ചേരിപ്പോര് നേതൃത്വത്തിന് തലവേദനയാകുന്നു. തമ്മിലടി രൂക്ഷമായതോടെ സംഘടനാ സംസ്ഥാന നേതൃത്വം നേരിട്ട് ഇടപെട്ടു. നഗരസഭയുടെ പ്രവർത്തന മേൽനോട്ടം സംസ്ഥാന കോർ കമ്മിറ്റിയിലെ അംഗത്തിന് നൽകാൻ തീരുമാനിച്ചു. ഭരണപരമായ കാര്യങ്ങൾ കോർ കമ്മിറ്റി അംഗവുമായി ആലോചിച്ച് മുന്നോട്ടു കൊണ്ടുപോകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
തമ്മിലടിയും പടലപ്പിണക്കവും രൂക്ഷമായതോടെ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ബിജെപി അംഗങ്ങളുടെ പാർലമെൻററി യോഗം വിളിച്ചിരുന്നു. പൊതുജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കുന്ന നീക്കങ്ങൾ അംഗങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്ന് സംസ്ഥാന അധ്യക്ഷൻ നിർദ്ദേശം നൽകിയതായാണ് വിവരം. മുൻ ചെയർപേഴ്സൺ പ്രമീള ശശിധരനെതിരെ വാട്സാപ്പ് ഗ്രൂപ്പിൽ വിമർശനമുന്നയിച്ച ആരോഗ്യ സ്റ്റാൻറിങ്ങ് കമ്മിറ്റി അധ്യക്ഷൻ സ്മിതേഷ് യോഗത്തിൽ മാപ്പു പറഞ്ഞു. ഇതോടെ പ്രശ്നങ്ങൾക്ക് താൽക്കാലിക പരിഹാരമായെന്നാണ് സൂചന.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
