കെ അജിത്, സി കെ സദാശിവൻ, വി ശിവൻകുട്ടി. കുഞ്ഞഹമ്മദ് മാസ്റ്റർ എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. ഓരോരുത്തർക്കും 35,000 രൂപയുടെ ജാമ്യമാണ് നൽകിയത്

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ നാല് ഇടതു നേതാക്കൾ ജാമ്യമെടുത്തു. കെ അജിത്, സി കെ സദാശിവൻ, വി ശിവൻകുട്ടി. കുഞ്ഞഹമ്മദ് മാസ്റ്റർ എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. ഓരോരുത്തർക്കും 35,000 രൂപയുടെ ജാമ്യമാണ് നൽകിയത്. മന്ത്രിമാരായ കെ ടി ജലീലും ഇ പി ജയരാജനും ജാമ്യം എടുത്തിട്ടില്ല. കേസ് പിൻവലിക്കാനുള്ള സർക്കാർ ഹർജി സി ജെ എം കോടതി തള്ളിയിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ധനമന്ത്രി കെ എം മാണിയുടെ ബജറ്റ് അവതരണം തടയാൻ വേണ്ടി പ്രതിപക്ഷം സഭയിൽ നടത്തിയ ശ്രമങ്ങളാണ് ഈ കേസിന് ആസ്പദമായ സംഭവം. സ്പീക്കറുടെ കസേര, എമർജൻസി ലാമ്പ്, 4 മൈക്ക് യൂണിറ്റുകൾ, സ്റ്റാൻഡ് ബൈ മൈക്ക്, ഡിജിറ്റൽ ക്ലോക്ക്, മോണിട്ടർ, ഹെഡ്ഫോൺ എന്നിവയെല്ലാം അന്നത്തെ കയ്യാങ്കളിക്കിടെ നശിപ്പിച്ചിരുന്നു. അന്ന് രണ്ടര ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിക്കപ്പെട്ടു എന്നായിരുന്നു പൊലീസ് കുറ്റപത്രം. നിലവിൽ മന്ത്രിമാരായ കെ ടി ജലീൽ, ഇ പി ജയരാജൻ ഉൾപ്പടെ അന്നത്തെ ആറ് പ്രതിപക്ഷ എംഎൽഎമാർ കേസിൽ പ്രതികളാണ്. പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം വി ശിവൻകുട്ടി എംഎൽഎ നൽകിയ അപേക്ഷയിന്മേലാണ്, സർക്കാർ കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

സർക്കാരിന്റെ ആവശ്യം കോടതിയിലെത്തിയപ്പോൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപിയും തടസവാദം ഉന്നയിച്ചിരുന്നു. ജനപ്രതിനിധികൾക്കെതിരായ കേസുകൾ പരി​ഗണിക്കുന്ന കൊച്ചിയിലെ കോടതിയിലാണ് ഇതിൽ ആദ്യം വാദം കേട്ടത്. പിന്നീട് ഹൈക്കോടതി നിർദ്ദേശപ്രകാരം തിരുവനന്തപുരം സിജെഎം കോടതിയിലേക്ക് കേസ് മാറ്റി. കഴിഞ്ഞ ദിവസങ്ങളിൽ കോടതി കേസിൽ വിശദമായ വാദം കേട്ടു. തടസവാദം ഉന്നയിച്ചവരുടെയും സർ‌ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകയുടെയും വാദം കേട്ടശേഷമാണ് സിജെഎം കഴിഞ്ഞയിടയ്ക്ക് സർക്കാരിന്റെ ആവശ്യം തള്ളിയത്.