പ്രമുഖ യുക്തിവാദിയും സാമൂഹ്യപ്രവർത്തകനുമായ ഡോ. നരേന്ദ്ര ധബോൽക്കറിന്‍റെ വധക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സച്ചിൻ അന്ദൂരെയ്ക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു
മുംബൈ: പ്രമുഖ യുക്തിവാദിയും സാമൂഹ്യപ്രവർത്തകനുമായ ഡോ. നരേന്ദ്ര ധബോൽക്കറിന്‍റെ വധക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സച്ചിൻ അന്ദൂരെയ്ക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് സാരംഗ് കൊത്ത്വാൾ, ജസ്റ്റിസ് രഞ്ജിത് സിൻഹ ഭോൺസ്ലെ എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യം അനുവദിച്ചതും ശിക്ഷാവിധി താൽക്കാലികമായി റദ്ധ് ചെയ്തതും. കമ്മ്യൂണിസ്റ്റ് നേതാവും യുക്തിവാദിയുമായ ഗോവിന്ദ് പൻസാരെ വധക്കേസിലും സച്ചിൻ അന്ദൂരെ പ്രതിയാണ്. ഈ കേസിലും നേരത്തെ ജാമ്യം ലഭിച്ചിരുന്നു.
ഈ കേസിൽ ശിക്ഷിക്കപ്പെട്ട മറ്റൊരു പ്രതിയായ ശരദ് കലാസ്കർക്ക് 2026 ഏപ്രിലിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഈ ആനുകൂല്യം മുൻനിർത്തിയാണ് അന്ദൂരെയ്ക്കും കോടതി ജാമ്യം നൽകിയത്. 50,000 രൂപയുടെ സ്വന്തം ജാമ്യത്തിലാണ് ജാമ്യം. ഡോ. നരേന്ദ്ര ധബോൽക്കർ 2013 ഓഗസ്റ്റ് 20-ന് പൂനെയിൽ പ്രഭാതസവാരിക്കിടെയാണ് വെടിയേറ്റു കൊല്ലപ്പെടുകയായിരുന്നു. സിബിഐ അന്വേഷിച്ച ഈ കേസിൽ 2024 മേയ് 10-നാണ് പൂനെയിലെ പ്രത്യേക കോടതി സച്ചിൻ അന്ദൂരെ, ശരദ് കലാസ്കർ എന്നിവർക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. കേസിലുൾപ്പെട്ട മറ്റ് മൂന്ന് പ്രതികളെ തെളിവുകളുടെ അഭാവത്തിൽ അന്ന് കോടതി വെറുതെ വിട്ടിരുന്നു.


