Asianet News MalayalamAsianet News Malayalam

സ്ഥിതി ഗുരുതരം: കാസർകോട് അതിർത്തിയിൽ കുടുങ്ങി മലയാളികൾ; 50 ലേറെ പേർ അകലം പാലിക്കാതെ കൂടി നിൽക്കുന്നു

ഇവരിൽ രണ്ട് ദിവസം മുൻപ് അതിർത്തിയിൽ എത്തിയവർ അടക്കമുണ്ട്. സ്വന്തം വാഹനത്തിൽ അതിർത്തിയിലെത്തിയ പലർക്കും പാസില്ലാത്തതാണ് തടസമായത്

Confusion in border as many people queue without pass to enter Kerala
Author
Thiruvananthapuram, First Published May 9, 2020, 10:35 AM IST

കാസർകോട്: സംസ്ഥാനത്തേക്ക് പാസില്ലാതെ മടങ്ങുന്നവർ കുടുങ്ങിക്കിടക്കുന്ന കേരളാ അതിർത്തികളിൽ ഗുരുതര പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കാസർകോട് തലപ്പാടി അതിർത്തിയിൽ കേരളത്തിലേക്ക് കടക്കാനാകാതെ വലിയ ആൾക്കൂട്ടമാണ് ഇപ്പോഴുള്ളത്. ഇരുപതിലേറെ വിദ്യാർത്ഥികളും അതിർത്തിയിലെ നടുറോഡിൽ നിൽക്കുകയാണ്.

സാമൂഹിക അകലം പാലിക്കാതെയാണ് ആളുകൾ കൂടി നിൽക്കുന്നത്. പാസില്ലാത്തതിനാൽ അതിർത്തിയിൽ ഏർപ്പാടാക്കിയ പന്തലിലേക്ക് പോലും പ്രവേശനം നൽകുന്നില്ല. എല്ലാവരുടെയും പക്കൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് അനുവദിച്ച പാസുണ്ട്. പൊലീസ് നൽകുന്ന വെള്ളം മാത്രമാണ് ഇവർക്ക് ആകെ ലഭിക്കുന്നത്. സംസ്ഥാന സർക്കാർ ഇവരുടെ കാര്യത്തിൽ ഇടപെടുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

കർണ്ണാടകത്തിലെ ഷിമോഗയിൽ നിന്നെത്തിയ 108 നഴ്സിംഗ് വിദ്യാർത്ഥിനികളിൽ നാല് പേരാണ് ഒരു രാത്രി മുഴുവൻ ഇരിക്കേണ്ടി വന്നത്. കോഴിക്കോട് കളക്ടർ ഇടപെടുന്നില്ലെന്നാണ് ആരോപണം. അതിർത്തി കടക്കാൻ അനുവദിക്കണമെന്ന ഇവരുടെ അപേക്ഷ കോഴിക്കോട് കളക്ടർ രണ്ട് തവണ തള്ളിക്കളഞ്ഞുവെന്നാണ് ആരോപണം. കർണ്ണാടക സർക്കാരാണ് പ്രത്യേക ബസിൽ ഇവരെ അതിർത്തിയിൽ എത്തിച്ചത്. 

എന്നാൽ പെൺകുട്ടികൾ അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്നതുമായി ബന്ധപ്പെട്ട്, അനുമതിക്കുള്ള അപേക്ഷകൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് കോഴിക്കോട് ജില്ലാ കളക്ടർ പ്രതികരിച്ചു. കാസർഗോഡ് ജില്ലാ കളക്ടറുമായി ആലോചിച്ച് ഉടൻ നടപടിയെടുക്കുമെന്ന് ശ്രീറാം സാംബശിവറാവു പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ നിരവധി പേർ വേറെയും അതിർത്തിയിൽ കുടുങ്ങിയിട്ടുണ്ട്.

ഇവരിൽ രണ്ട് ദിവസം മുൻപ് അതിർത്തിയിൽ എത്തിയവർ അടക്കമുണ്ട്. സ്വന്തം വാഹനത്തിൽ അതിർത്തിയിലെത്തിയ പലർക്കും പാസില്ലാത്തതാണ് തടസമായത്. ഇന്നലെ രാവിലെ എത്തിയ പത്തംഗ സംഘം ഇങ്ങിനെ അനുമതി ലഭിക്കാതെ കുടുങ്ങിക്കിടക്കുന്നുണ്ട്. എറണാകുളത്തേക്കാണ് ഇവർക്ക് പോകേണ്ടത്.

അതേസമയം സംസ്ഥാനത്തേക്ക് വരാൻ പാസ് ഇല്ലാതെ അതിർത്തിയിലെത്തിയവരെ കേരളത്തിലേക്ക് കടത്തില്ലെന്ന് വയനാട് ജില്ലാ കളക്ടർ അദീല അബ്ദുള്ള ആവർത്തിച്ചു. മുത്തങ്ങ ചെക്പോസ്റ്റിലൂടെ ഇങ്ങിനെ വരുന്നവരെ കടത്തിവിടില്ല. പാസ് ഇല്ലാത്തവരെ അതിർത്തിയായ മൂലഹള്ളിയിൽ തടയുമെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios