Asianet News MalayalamAsianet News Malayalam

സംസ്ഥാനത്തെ കൊവിഡ് മരണങ്ങളുടെ എണ്ണത്തിൽ അവ്യക്തത: ഔദ്യോഗിക കണക്കിലും അധികം മരണങ്ങളെന്ന് ആരോപണം

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരിൽ സർക്കാരിന്റെ ഔദ്യോഗികകണക്കിൽ പെട്ടത് 76 ശതമാനം പേർ മാത്രം. എന്നാൽ അനൗദ്യോഗിക കണക്കനുസരിച്ച് 55 ശതമാനം പേർ മാത്രമാണ് പട്ടികയിലുള്ളത്.

confusion in covid deaths reported in kerala
Author
Mulanthuruthy, First Published Aug 17, 2020, 7:22 AM IST


കൊച്ചി: സംസ്ഥാനത്തെ കൊവിഡ് മരണങ്ങൾ സംബന്ധിച്ച ഔദ്യോഗിക കണക്കിൽ അവ്യക്തതയുണ്ടെന്ന പരാതി ശക്തമാകുന്നു. കൊവിഡ് മരണം സംബന്ധിച്ച സർക്കാരിന്റ ഔദ്യോഗിക വെബ്സൈറ്റിൽ രേഖപ്പെടുത്തിയ കണക്കുകളിലടക്കം ഇതുസംബന്ധിച്ച ആശയക്കുഴപ്പം ശക്തമാണ്. 

49 പേരുടെ മരണം പട്ടികയിൽ ഉൾപ്പെടുത്തിയില്ല എന്ന സൈറ്റിൽ വ്യക്തമാക്കുന്നുണ്ട്. ഇതിൽ കോഴിക്കോട്ട് ആഗസ്റ്റ് 9-ന് മരിച്ച രാമനാട്ടുകര സ്വദേശിയുടെ മരണം കൊവിഡ് മരണമല്ലെന്നാണ് സൈറ്റിൽ പറയുന്നത്. അടുത്ത ദിവസം കോഴിക്കോട് മെഡിക്കൽ കോളജ് പുറത്തിറക്കിയ ബുള്ളറ്റിനിൽ ഈ രോഗി കൊവിഡ് പോസിറ്റീവായിരുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്. 

കാൻസർ ബാധിതനായിരുന്ന കോഴിക്കോട് കായക്കൊടി സ്വദേശി ബഷീറിന്റെ മരണം കൊവിഡ് ബാധിച്ചായിരുന്നുവെന്ന് പിആർഡി വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു ആ മരണവും സർക്കാർ പട്ടികയിലില്ല. ജൂലൈ 29-ന് മരിച്ച 3 പേർക്ക് കൊവിഡ് ഉണ്ടായിരുന്നോ എന്ന സ്ഥിരീകരിക്കാനായി ആലപ്പുഴയിലെ എൻ.ഐ.വിയിലേക്കയച്ച സ്രവ പരിശോധന രണ്ടാഴ്ചയ്ക്ക് ശേഷവും പുറത്ത് വന്നിട്ടില്ല. അത് കൊണ്ടു അവയും പട്ടികയിൽ നിന്ന് പുറത്താണ്.

ഇതൊക്കെ ഔദ്യോഗിക വിവരങ്ങളാണ്. എന്നാൽ കേരളത്തിലെ ചില ആരോഗ്യ പ്രവർത്തകർ തുടക്കം മുതൽ ശേഖരിച്ച കണക്കുകൾ പ്രകാരം കേരളത്തിൽ നടന്നത് 283 കൊവിഡ് മരണങ്ങളാണ്. അതനുസരിച്ചാണങ്കിൽ സർക്കാർ കണക്കിലുള്ളത് ആകെ മരിച്ചവരിൽ 55 ശതമാനം പേർ മാത്രം.

മരണസംഖ്യ കുറച്ച് കാണിക്കുന്ന കാര്യം മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയ ശേഷം ആരോഗ്യവകുപ്പ് ഡയറക്ടർ ഇറക്കിയ വിശദീകരണത്തിൽ കൊവിഡ് 19 മരണം സ്ഥിരീകരിക്കാൻ അന്താരാഷ്ട്ര മാർഗ്ഗരേഖയാണ് പിന്തുടരുന്നതെന്നും ആരോഗ്യവകുപ്പിന്റെ പ്രത്യോകസമിതിയുടെ ഓഡിറ്റിംഗിന് ശേഷമാണ് കൊവിഡ് മരണങ്ങളെന്ന് സ്ഥിരീകരിക്കുന്നതെന്നും വ്യക്തമാക്കുന്നുണ്ട്. 

ആത്മഹത്യയും ഹൃദയസംബന്ധമായ പ്രശ്നങ്ങൾ കാരണമുള്ള മരണങ്ങളും മാത്രമാണ് ഉൾപ്പെടുത്താതിരുന്നതെന്നും സ‍ർക്കാർ വ്യക്തമാക്കുന്നു. പക്ഷേ സർക്കാർ തന്നെ GOK dashboard വെബ് സൈറ്റിൽ പറഞ്ഞത് കാൻസർ മരണങ്ങളെ കൊവിഡ് മരണങ്ങളുടെ പട്ടികയിൽ നിന്നും ഒഴിവാക്കിയെന്നാണ്.

കാൻസർ പോലുള്ള രോഗങ്ങളുള്ളവർ കൊവിഡ് ബാധിച്ച് മരിക്കുമ്പോൾ അവ കൊവിഡ് മരണമായി തന്നെ കണക്കാക്കണം എന്ന ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശം സംസ്ഥാനത്ത് പാലിക്കപ്പെടുന്നില്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. 

മരണപ്പെട്ടവരുടെ കൊവിഡ് ഫലം ആലപ്പുഴയിലെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ലാബിൽ തന്നെ സ്ഥിരീകരിക്കണമെന്ന പുതിയ നിർദ്ദേശം ഏപ്രിൽ മാസത്തിലിറക്കിയ മാർഗ്ഗനിർദ്ദേശത്തിന് വിരുദ്ധമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ചുരുക്കത്തിൽ വിമർശനങ്ങളുയർന്ന ശേഷവും മരണസംഖ്യ ചുരുക്കി കാണിക്കുന്ന നിലപാടിൽ നിന്ന് സർക്കാർ പിൻമാറുന്നില്ലെന്ന് വേണം മനസ്സിലാക്കാൻ.

Follow Us:
Download App:
  • android
  • ios