മണ്ഡലം സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഐ വിഭാഗം നേതാവ് സലിം കെ മുഹമ്മദിന് പരിക്കേറ്റു.

കൊച്ചി: യൂത്ത് കോൺ​ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിന്റെ ഭാ​ഗമായി എറണാകുളം കുന്നത്തുനാട്ടിൽ എ-ഐ ഗ്രൂപ്പുകൾ തമ്മിൽ സംഘർഷം. മണ്ഡലം സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഐ വിഭാഗം നേതാവ് സലിം കെ മുഹമ്മദിന് പരിക്കേറ്റു. ഇദ്ദേഹത്തെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വോട്ടുചേർക്കുന്നതിനെ ചൊല്ലിയാണ് ചേലക്കുളത്ത് ഇരു ഗ്രൂപ്പുകളും തമ്മിൽ ഏറ്റുമുട്ടിയത്. ജില്ലാ പ്രസിഡന്റ് സ്ഥാനാർഥിയായി മത്സരിക്കുന്ന എ സ്ഥാനാർത്ഥി അനൂപ് പി.എച്ചിൻ്റെ നേതൃത്വത്തിൽ ആക്രമിച്ചെന്നാണ് സലിം കെ മുഹമ്മദിൻ്റെ ആരോപണം. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. സംഭവത്തിൽ കേസെടുക്കുമെന്ന് കുന്നത്തുനാട് പൊലീസ് അറിയിച്ചു. 

എറണാകുളം കുന്നത്ത് നാട്ടില്‍ എ, ഐ ഗ്രൂപ്പുകള്‍ തമ്മില്‍ സംഘര്‍ഷം | Youth congress

യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെര‍ഞ്ഞെടുപ്പിന് ജൂണ്‍ 28ന് തുടക്കമായിരുന്നു. ഒരുമാസം നീണ്ടുനില്‍ക്കുന്ന ഓണ്‍ലൈന്‍ വോട്ടെടുപ്പിലൂടെയാണ് പുതിയ ഭാരവാഹികളെ കണ്ടെത്തുന്നത്. തെരഞ്ഞെടുപ്പിന്‍റെ മുന്നോടിയായി ഗ്രൂപ്പ് യോഗങ്ങള്‍ സജീവമായതോടെ പാര്‍ട്ടിയിലെ ഐക്യം നഷ്ടമായെന്ന പരാതി ഒരു വിഭാഗം നേതാക്കള്‍ക്കുണ്ട്.

വാശിയേറിയ തെര‍ഞ്ഞെടുപ്പിനുള്ള ഡിജിറ്റല്‍ പോസ്റ്ററുകള്‍ നിറഞ്ഞു. സംസ്ഥാന പ്രസി‍ഡന്‍റ് സ്ഥാനത്തേക്ക് എ ഗ്രൂപ്പില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലും ഐ ഗ്രൂപ്പില്‍ നിന്ന് അബിന്‍ വര്‍ക്കിയുമാണ് ഏറ്റുമുട്ടുന്നത്. ഇരു ഗ്രൂപ്പില്‍ നിന്നും വിമതരും സജീവം. ഗ്രൂപ്പിലാതെ മത്സരിക്കുന്നവര്‍ക്കും കുറവില്ല. മണ്ഡലം പ്രസിഡന്‍റ് മുതല്‍ സംസ്ഥാന പ്രസിഡന്‍റ് വരെയുള്ള ആറുവോട്ടുകളാണ് ഒരാള്‍ക്കുളളത്. ഒരുമാസം വോട്ടെടുപ്പ് നീണ്ടുനില്‍ക്കും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആപ് ഡൗണ്‍ലോഡ് ചെയ്താണ് യൂത്ത് കോണ്‍ഗ്രസില്‍ അംഗമാകേണ്ടത്. തിരഞ്ഞെടുപ്പ് വോട്ടര്‍ ഐഡിയും ഫോട്ടോയും വേണം. യൂത്തുകോണ്‍ഗ്രസ് അംഗമാകാന്‍ തയ്യാറാണെന്ന് പറയുന്ന എട്ടുസെക്കന്‍റ് വീഡിയോയും അപ്ലോഡ് ചെയ്യണം. അംഗത്വഫീസ് 50 രൂപ. സംസ്ഥാന വ്യാപകമായി ഗ്രൂപ്പുയോഗങ്ങള്‍ ചേര്‍ന്നാണ് സ്ഥാനാര്‍ഥികള്‍ക്കായുള്ള വോട്ടുറപ്പിക്കുന്നത്. 

Read More... സംസ്ഥാന അധ്യക്ഷനെതിരെ ദേശീയ എക്സിക്യുട്ടീവ് അംഗം; തെലങ്കാനയിലും ബിജെപിയില്‍ തമ്മിലടി രൂക്ഷം