മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി കോടികൾ  കോഴ വാങ്ങിയതും അറസ്റ്റിലായതും ഇഡി ഒഴിച്ചുള്ള അന്വേഷണങ്ങൾ നിലച്ചതും സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്.

തിരുവനന്തപുരം : ലൈഫ് മിഷൻ അഴിമതിയിൽ നിയമസഭയിൽ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. മാത്യു കുഴൽനാടൻ എംഎൽഎയാണ് നോട്ടീസ് നൽകിയത്. വടക്കാഞ്ചേരിയിൽ പണിയുന്ന ഫ്ലാറ്റിന്റെ പേരിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി കോടികൾ കോഴ വാങ്ങിയതും അറസ്റ്റിലായതും ഇഡി ഒഴിച്ചുള്ള അന്വേഷണങ്ങൾ നിലച്ചതും സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്.

എന്നാൽ ലൈഫ് മിഷനിലെ അടിയന്തര പ്രമേയം അടിസ്ഥാനമില്ലാത്ത പ്രശ്‍നമാണെന്ന് മന്ത്രി എംബി രാജേഷ് സഭയെ അറിയിച്ചു. സമാന വിഷയം ഈ സമ്മേളനത്തിൽ നേരത്തെ ഉന്നയിച്ചിരുന്നു. പഴയ വീഞ്ഞും പഴയ കുപ്പിയും പഴയ ലേബലുമാണ്. ആൾ മാത്രം മാറിയെന്നേയുള്ളുവെന്നും രാജേഷ് പരിഹസിച്ചു. ലൈഫ് മിഷനെതിരെ സംഘടിത ആക്രമണം നടക്കുന്നുവെന്നും അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് അടിയന്തര പ്രമേയ നോട്ടീസെന്നും മന്ത്രി രാജേഷ് കുറ്റപ്പെടുത്തി. കഴിഞ്ഞ സഭാ സമ്മേളനത്തിൽ ഈ വിഷയം ഉന്നയിച്ച ആളെ വടക്കഞ്ചേരിയിലെ ജനം തോൽപിച്ചു. 

സ്വപ്ന സമാനമായ പദ്ധതിയാണ് ലൈഫ് മിഷൻ. റെഡ് ക്രസന്റ് ധാരണാപത്രം ഒപ്പിട്ടത് നിയമവകുപ്പ് കൂടി കണ്ട ശേഷമാണ്. അതിൽ ലൈഫ് മിഷനോ സർക്കാറിനോ സാമ്പത്തിക ഉത്തരവാദിത്തമില്ല. സർക്കാർ ഇതിനോട് സഹകരിക്കുന്ന സമീപനം സ്വീകരിച്ചു. കോഴ ഇടപാട് ആരോപണവുമായി ലൈഫ് മിഷന് ബന്ധമില്ല. സിബിഐ പരാതി കിട്ടിയ ഉടൻ എഫ്ഐആർ ഇട്ടു. നയപരമായ തീരുമാനം എടുത്തത് കൊണ്ട്, ഉദ്യോഗസ്ഥർ വരുത്തിയ തെറ്റിൽ സർക്കാരിന് മേൽ പങ്ക് ആരോപിക്കാനാവില്ലെന്നും മന്ത്രി സഭയിൽ പറഞ്ഞു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം തുടരുകയാണ്. പക്ഷേ കേന്ദ്ര ഏജൻസികൾ വിജിലൻസിന് വിവരങ്ങൾ കൈമാറുന്നില്ല. സിബിഐ ശേഖരിച്ച 18 ഫയലുകൾ വിജിലൻസ് അന്വേഷണത്തിന് ആവശ്യമാണ്. ഇതിനായി കോടതിയെ സമീപിച്ചിട്ടുണ്ട്. ലൈഫ് മിഷനിൽ അടിസ്ഥാനത്തിലാണ് മാധ്യമ വിവരങ്ങളുടെ ഇഡി അന്വേഷണം നടത്തുന്നതെന്ന് മന്ത്രി കുറ്റപ്പെടുത്തി. ഇതിന്റെ പേരിലാണ് സഭ നിർത്തി വെച്ചു ചർച്ച ചെയ്യണമെന്ന ആവശ്യം കോൺഗ്രസും മുന്നോട്ട് വെക്കുന്നത്. മുൻവിധികൾ ഉള്ള നിലപാട് വെച്ച് പുലർത്തുന്നതാണ് അടിയന്തിരപ്രമേയ നോട്ടീസ്. ചർച്ചയാവശ്യമില്ലെന്നും മന്ത്രി സഭയെ അറിയിച്ചു. 

കേരളത്തിലെ കോൺഗ്രസിന് വേദവാക്യം ഇഡി റിമാൻഡ് റിപ്പോർട്ടെന്ന് മന്ത്രി; 'ലൈഫിൽ' അടിയന്തര പ്രമേയത്തിന് അനുമതിയില്ല

എന്നാൽ കേരളം കണ്ട ഏറ്റവും ശാസ്ത്രീയ അഴിമതിയാണ് ലൈഫ് മിഷനിൽ ഉണ്ടായതെന്ന് മാത്യു കുഴൽനാടൻ സഭയിൽ പറഞ്ഞു. ശിവശങ്കരിന്റ് ചാറ്റുകൾ സഭയിൽ ഉദ്ധരിച്ച മാത്യു, യുഎഇ കോൺസുലേറ്റിന് യൂണിടാകുമായി കരാർ ഒപ്പിടാൻ സിഎം അനുമതി നൽകിയോയെന്ന ചോദ്യവും ഉന്നയിച്ചു. മുഖ്യമന്ത്രി നൽകിയ അനുമതിക്കത്ത് വഴിയാണ് യൂണിറ്റാക്ക് ഇതിലേക്ക് വന്നത്.ആ കത്ത് കൊടുത്തിട്ടുണ്ടോയെന്ന പിണറായി വ്യക്തമാക്കണമെന്നും കുഴൽനാടൻ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ ഇടത് വശം നിന്നയാളിന്ന് ജയിലിലാണ്. സത്യം പുറത്ത് വരുന്നതിന് വേണ്ടി അങ്ങേയറ്റം വരെ പോകുമെന്നും കുഴൽനാടൻ സഭയിൽ പറഞ്ഞു. ലൈഫ് അഴിമതി പുറത്ത് കൊണ്ടുവരാൻ മുൻ എംഎൽഎ അനിൽ അക്കരെ നടത്തിയ ശ്രമത്തെ അഭിനന്ദിച്ച അദ്ദേഹം മുഖ്യമന്ത്രി മറുപടി നൽകണമെന്നും ആവശ്യപ്പെട്ടു. പിണറായി, ശിവശങ്കർ, സ്വപ്ന കോൺസൽ ജനറൽ എന്നിവർ ക്ലിഫ് ഹൗസിൽ യോഗം ചേർന്നുവെന്ന് സ്വപ്ന പറഞ്ഞുവെന്നും സഭയിൽ പറഞ്ഞു. ഇതോടെ സഭയിൽ ക്ഷുഭിതനായ മുഖ്യമന്ത്രി പച്ചക്കള്ളമാണെന്നും താൻ ആരെയും കണ്ടിട്ടില്ലെന്നും തുറന്നടിച്ചു. ഇതോടെ കള്ളമാണെങ്കിൽ കോടതിയെ സമീപിക്കണമെന്നും കോടതിയിൽ ഇഡി നൽകിയ റിപ്പോർട്ടിനെയാണ് താൻ ഉദ്ധരിച്ചതെന്നും കുഴൽനാടനും മറുപടി നൽകി. 

സ്വപ്നയും പിണറായിയും ശിവശങ്കറും ക്ലിഫ് ഹൗസിൽ യോഗം ചേർന്നെന്ന് കുഴൽനാടൻ, ക്ഷോഭിച്ച് മുഖ്യമന്ത്രി; സഭയിൽ ബഹളം 

YouTube video player


YouTube video player