കോഴിക്കോട്: കോഴിക്കോട് പയ്യോളി ഇരിങ്ങത്ത് കോൺഗ്രസ് നിർമ്മിച്ച ബസ് സ്റ്റോപ്പ് തകർത്തു. ഇന്നലെ രാത്രി ജെസിബി ഉപയോഗിച്ചാണ് സ്റ്റോപ്പ്  തകർത്തത്. സംഭവത്തിന് പിന്നിൽ സിപിഎം ആണെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു.

കോൺ​ഗ്രസ് നേതാവ് നാറാണത്ത് മുഹമ്മദിന്റെ ഓർമ്മക്കായി നിർമ്മിച്ച ബസ് സ്റ്റോപ്പാണ് കഴിഞ്ഞദിവസം തകർത്തത്. റോഡ് വികസനത്തിനായി ബസ് സ്റ്റോപ്പ് പൊളിച്ച് മാറ്റണമെന്ന് നേരത്തെ ആവശ്യമുയര്‍ന്നിരുന്നു.എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം അനുവദിച്ചിരുന്നില്ല. റോഡ് വികസനത്തിന്റെ ഭാഗമായ ഓവുചാല്‍ നിര്‍മ്മാണവും മുടങ്ങിയിരുന്നു. 

എന്നാൽ പിന്നീട് കോൺ​ഗ്രസും സിപിഎമ്മും പഞ്ചായത്ത് ഭാരവാഹികളും വിഷയത്തിൽ ചർച്ചകൾ നടത്തിയിരുന്നു. ഈ തർക്കം ബാക്കി നിൽക്കെയാണ് ഇന്നലെ രാത്രി ജെസിബി ഉപയോ​ഗിച്ച് ബസ് സ്റ്റോപ്പ് തകർത്തത്. ഇതിന് പിന്നിൽ സിപിഎം ആണെന്നാണ് കോൺ​ഗ്രസ് ആരോപിക്കുന്നത്. വിഷയത്തിൽ വലിയ പ്രതിഷേധമാണ് കോൺ​ഗ്രസ് ഉയർത്തുന്നത്.