വി ഡി സതീശന് പിന്തുണയർപ്പിച്ച് മൂവാറ്റുപുഴയിലും തൊടുപുഴയിലും കണ്ണൂരിലും ഫ്ലക്സ് ബോർഡുകൾ ഉയർന്നു. വിഎസിന് സീറ്റ് നിഷേധിച്ച സാഹചര്യം ഓർമ്മിപ്പിച്ച് കോൺഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പ് നൽകുന്ന ബോർഡുകളും ഇതിലുണ്ട്. തെരഞ്ഞെടുപ്പ് ഫലം വരും മുൻപേ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള കോൺഗ്രസിലെ പോര് ഇതോടെ ശക്തമായി.

കൊച്ചി: മൂവാറ്റുപുഴയിൽ വി ഡി സതീശന് പിന്തുണയർപ്പിച്ച് വീണ്ടും ഫ്ലക്സ് ബോർഡ്. വിഎസിന് സീറ്റ് നിഷേധിച്ചപ്പോൾ കേരളത്തിൽ ഉണ്ടായ സാഹചര്യം ഓർക്കണമെന്ന് കോൺഗ്രസ് നേതൃത്വത്തിനുള്ള മുന്നറിയിപ്പാണ് ഫ്ലക്സിലുള്ളത്. കോൺഗ്രസ് കൂട്ടായ്മയുടെ പേരിലാണ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. വിഡി സതീശനായി കണ്ണൂരിലും തൊടുപുഴയിലും ഫ്ലക്സുകൾ ഉയര്‍ന്നിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

തൊടുപുഴ പട്ടയംകവലയ്ക്ക് സമീപം ഇന്നലെ രാത്രിയാണ് വി ഡി സതീശന് വേണ്ടി കൂറ്റൻ ഫ്ലക്സ് ബോര്‍ഡ് ഉയര്‍ന്നത്. 'പട നയിച്ചവൻ നാട് നയിക്കും' എന്നാണ് ഫ്ലക്സിലെ എഴുത്ത്. വി ഡി സതീശന്റെ പൂർണ്ണമായ ചിത്രത്തോടൊപ്പം 'നിലപാടിന്റെ രാജകുമാരന് അഭിവാദ്യം' എന്നും വാചകമുണ്ട്. ടീം യുഡിഎഫ് തൊടുപുഴ എന്ന പേരിലാണ് ഫ്ലക്സ് സ്ഥാപിച്ചിട്ടുള്ളത്. അതേസമയം, കണ്ണൂരിൽ വീണ്ടും വിഡി സതീശൻ അനുകൂല ഫ്ലക്സ് ബോർഡുകൾ ഉയര്‍ന്നു. ശ്രീകണ്ഠാപുരത്താണ് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യങ്ങൾ എന്നെഴുതിയ ഫ്ലക്സുകള്‍ ഉയര്‍ന്നത്. കോട്ടൂർവയൽ കോൺഗ്രസ് കമ്മിറ്റിയുടെ പേരിലാണ് ബോർഡ്.

തെരഞ്ഞെടുപ്പ് ഫലം വരാൻ രണ്ട് ദിവസം ബാക്കി നിൽക്കുമ്പോഴും കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പോരും കരുനീക്കങ്ങളും ശക്തമായി തുടരുകയാണ്. ലീഗിന്റെ പരസ്യപിന്തുണയിൽ സന്തോഷത്തിലാണ് സതീശൻ വിഭാഗം. അതേസമയം ലീഗ് നിലപാട് പരസ്യമാക്കരുതെന്നാണ് കെ സി വേണുഗോപാൽ പക്ഷത്തിന്റെയും രമേശ് ചെന്നിത്തല വിഭാഗത്തിന്റെയും നിലപാട്. കൂടുതൽ ഘടകകക്ഷിളെ ഒപ്പം നിർത്താനുള്ള ശ്രമം മൂന്നുചേരികളും തുടരുകയാണ്.