കോഴിക്കോട് കേന്ദ്രീകരിച്ചുള്ള സിപിഎം മാഫിയയാണ് എല്ലാത്തിനും പിന്നിലെന്ന് ഡിസിസി പ്രസിഡന്‍റ്
കോഴിക്കോട്: പ്രമോദ് കോട്ടൂളി ഉൾപ്പെട്ട പിഎസ് സി കോഴക്കേസിൽ വിജിലൻസ് അന്വേഷണം വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. പരാതി കിട്ടിയെന്ന് വ്യക്തമാക്കിയ മന്ത്രി റിയാസ് അത് പൊലീസിന് എന്തുകൊണ്ട് കൈമാറിയില്ലെന്ന് ഡിസിസി പ്രസിഡന്‍റ് പ്രവീൺകുമാർ ചോദിക്കുന്നത്. കോഴിക്കോട് കേന്ദ്രീകരിച്ചുള്ള മാഫിയയാണ് എല്ലാത്തിനും പിന്നിലെന്നും നാളെ നഗരത്തിൽ കുറ്റവിചാരണ സദസ് സംഘടിപ്പിക്കുമെന്നും കോൺഗ്രസ് അറിയിച്ചു.
നേതാക്കളുൾപ്പെട്ട സാമ്പത്തിക ക്രമക്കേടുകൾ തന്നെയാണ് സമീപകാലത്തായി കോഴിക്കോട്ടെ സിപിഎമ്മിലെ തർക്കങ്ങൾ രൂക്ഷമാകാൻ ഇടയാക്കിയത്. പ്രമുഖ നേതാവിന്‍റെ വലം കൈയായ ലോക്കൽ സെക്രട്ടറിയുടെ സാമ്പത്തിക തട്ടിപ്പ് കമ്മറ്റിയിൽ വിശദീകരിക്കാൻ ചെന്ന ജില്ലാ കമ്മറ്റി അംഗത്തിന് നേരെ കൈയേറ്റ ശ്രമമുണ്ടായെങ്കിലും പാർട്ടി നടപടി എടുത്തില്ല. നേതാക്കളിൽ പലരും റിയൽ എസ്റ്റേറ്റും സർക്കാറിനെ സ്വാധീനിക്കലും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇടനിലക്കാരായി പ്രവർത്തിക്കുന്നു എന്നാണ് ആക്ഷേപം.
പാർട്ടിയ്ക്ക് സമാന്തരമായി നേതാക്കളുൾപ്പെട്ട വലിയ കോക്കസുണ്ടെന്നും അവരാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നതെന്നുമാണ് അണികൾക്കിടയിലെ ചർച്ച.
