സി എസ് ഐ ദക്ഷിണ കേരള മഹാ ഇടവക സെക്രട്ടറി ടി ടി പ്രവീണിനെ തമിഴ്നാട്ടിലെ വിളവങ്കോട് മണ്ഡലത്തിൽ സ്ഥാനാർഥിയാക്കിയതിലൂടെ തിരുവനന്തപുരത്തെ 9 സീറ്റുകളിലെ സഭാ വോട്ടുകളാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. സഭയ്ക്ക് സ്വാധീനമുള്ള മണ്ഡലങ്ങളിൽ ഈ നീക്കം ഗുണം ചെയ്യുമെന്നും, സഭയെ പരിഗണിക്കുന്ന പാർട്ടിയെ കൈവിടില്ലെന്നും പ്രവീൺ വ്യക്തമാക്കി

തിരുവനന്തപുരം: തമിഴ്നാട്ടിലെ കോൺഗ്രസ് സ്ഥാനാർഥി പട്ടിക പുറത്തുവന്നപ്പോൾ ടി ടി പ്രവീൺ എന്ന സ്ഥാനാർഥിയുടെ പേരാണ് കേരളത്തിൽ ഏറ്റവും ശ്രദ്ധിക്കപ്പെടുന്നത്. സി എസ് ഐ ദക്ഷിണ കേരള മഹാ ഇടവക സെക്രട്ടറി കൂടിയായ ടി ടി പ്രവീൺ, വിളവങ്കോട് മണ്ഡലത്തിലാണ് കോൺഗ്രസ് പതാക പാറിക്കാൻ പോരാട്ടത്തിനിറങ്ങുന്നത്. തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് നിന്ന് ഏറെ അകലെയല്ലാത്ത വിളവങ്കോട്ടെ പോരാട്ടം കേരളത്തിലെ തിരഞ്ഞെടുപ്പിനെ എത്രത്തോളം സ്വാധീനിക്കും എന്നത് കണ്ടറിയണം. സി എസ് ഐ സഭയ്ക്ക് തിരുവനന്തപുരത്തെ 9 ഓളം സീറ്റുകളിൽ വലിയ സ്വാധീനമുണ്ടെന്നാണ് ടി ടി പ്രവീൺ തന്നെ പറയുന്നത്. ഈ സീറ്റുകളിലെയും മറ്റിടങ്ങളിലെയും സി എസ് ഐ വോട്ട് ബാങ്കിൽ കൂടി കണ്ണുവെച്ചാണ് പ്രവീണിനെ കോൺഗ്രസ് രംഗത്തിറക്കിയതെന്നാണ് വിലയിരുത്തൽ. നെയ്യാറ്റിൻകര, പാറശാല, നേമം, കോവളം, തിരുവനന്തപുരം, അരുവിക്കര, കാട്ടാക്കട മണ്ഡലങ്ങളിൽ സഭക്ക് സ്വാധീനമുണ്ടെന്നതിൽ എതിരാളികൾക്കും മറിച്ച് അഭിപ്രായമുണ്ടാകില്ല. കേരളത്തിൽ നാളെ സഭയുടെ പിന്തുണ ബിഷപ്പ് പ്രഖ്യാപിക്കുമെന്നും, സഭയെ കൈവിടാത്ത പാർട്ടിയെ സഭയും കൈവിടില്ലെന്ന് പ്രവീൺ വ്യക്തമാക്കി. തിരുവനന്തപുരം ജില്ലയിൽ പ്രവീൺ എഫക്ട് കോൺഗ്രസിന് നേട്ടമാകുമെന്ന വിലയിരുത്തലാണ് രാഷ്ട്രീയ കേന്ദ്രങ്ങളിലും ഉള്ളത്.

Add Asianetnews as a Preferred SourcegooglePreferred

പാർട്ടിയെ സഭയുടെ കൈവിടില്ല പ്രവീൺ

28 വർഷമായി വിളവങ്കോട് താമസിക്കുന്നയാളാണെന്നും 50,000 വോട്ടിന്റെ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നുവെന്നും പ്രവീൺ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കോൺഗ്രസ് വിട്ട് ബി ജെ പിയിൽ ചേർന്ന വിജയധാരണി എതിരാളി ആയതിൽ സന്തോഷമുണ്ട്. വിളവങ്കോട് കോൺഗ്രസ് മണ്ഡലമാണെന്നും ടി ടി പ്രവീൺ പറഞ്ഞു. തിരുവനന്തപുരത്തെ 8 - 9 മണ്ഡലങ്ങളിൽ സി എസ് ഐ സഭ നിർണായക ശക്തിയാണ്. താൻ സഭയുടെ തെരഞ്ഞെടുക്കപ്പെട്ട സെക്രട്ടറി ആണ്. സഭയ്ക്ക് മര്യാദ നൽകിയ പാർട്ടിയെ ജനം കൈവിടില്ല. അതിനുള്ള പ്രവർത്തനം സഭയിൽ നിന്നുണ്ടാകും. യു ഡി എഫ് പിന്തുണയിൽ നാളെ തന്നെ തീരുമാനം ഉണ്ടാകുമെന്നും ടി ടി പ്രവീൺ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. സി എസ് ഐ സഭ കോൺഗ്രസ് അനുകൂല നിലപാട് കേരളത്തിൽ സ്വീകരിക്കും. സഭയുടെ രാഷ്ട്രീയ നിലപാട് ബിഷപ്പ് നാളെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും പ്രവീൺ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം