തിരുവനന്തപുരം: കോൺഗ്രസിന്‍റെ 135-ാം സ്ഥാപകദിനത്തിൽ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ പതാക ഉയർത്തുന്നതിനിടെ ഉണ്ടായത് നാടകീയ രംഗങ്ങൾ. പതാക ഉയർത്താൻ ശ്രമിച്ചപ്പോൾ, കെട്ടിയ പതാക നിവർന്നില്ല. പകരം ശരിക്ക് കെട്ടാത്തതിനാൽ ഊർന്ന് താഴെ വീണു. അതൃപ്തിയോടെ രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയും ഉമ്മൻചാണ്ടിയും അടക്കമുള്ള നേതാക്കൾ തന്നെ ഇടപെട്ട് പതാക കെട്ടാൻ ശ്രമിക്കുന്നതിനിടെ സേവാദൾ പ്രവർത്തകരെത്തിയാണ് പതാക ശരിയാക്കിയത്. ഇത് ചിത്രീകരിക്കാൻ ശ്രമിച്ച ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാൻ മനു സിദ്ധാർത്ഥനടക്കമുള്ളവരെ തടയാൻ ശ്രമിച്ച സേവാദൾ പ്രവർത്തകരെ രാജ്മോഹൻ ഉണ്ണിത്താൻ എംപി ചീത്ത വിളിക്കുകയും ചെയ്തു. 

''പതാക നിവരാത്തത് മാധ്യമപ്രവർത്തകരുടെ കുറ്റമാണോടോ? പതാക കെട്ടാൻ അറിയില്ലേൽ അത് അറിയാവുന്നവരെ ഏൽപിക്കണം. നേതാക്കളാണെന്ന് പറഞ്ഞ് നടന്നാപ്പോരാ, പതാകയെങ്കിലും കെട്ടാനുള്ള പരിശീലനം വേണം'', എന്ന് ഉണ്ണിത്താൻ. 

പകുതിയ്ക്ക് വച്ച് കെട്ടിയിട്ട പതാക നോക്കി ചിലർ ''ഇതിങ്ങനെ താഴെ കെട്ടിയിടാതെ, പകുതിയ്ക്ക് വച്ച് ഉയർത്തി നിർത്താൻ ഇവിടാരും മരിച്ചിട്ടൊന്നുമില്ലല്ലോ'', എന്ന് പറയുന്നതും കേൾക്കാമായിരുന്നു. 

പതാക നിവരാതിരുന്നപ്പോൾത്തന്നെ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളിയുടെയും ചെന്നിത്തലയുടെയും ഉമ്മൻചാണ്ടിയുടെയും മുഖത്ത് അതൃപ്തിയും രോഷവും പ്രകടമായിരുന്നു. 

വീഡിയോ കാണാം:

പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് രാജ്ഭവൻ വരെ കെപിസിസി മാർച്ച് നടത്തുന്നുണ്ട്. പൗരത്വ നിയമഭേദഗതിക്ക് എതിരെ സ്ഥാപകദിനത്തിൽ കോൺഗ്രസ് രാജ്യവ്യാപകമായി പ്രഖ്യാപിച്ച സമരത്തിന്‍റെ ഭാഗമായിട്ടാണിത്. 

സംസ്ഥാനതലത്തിൽ ഇപ്പോഴും പൗരത്വ നിയമഭേദഗതിയിൽ എതിർപക്ഷവുമായി ഒന്നിച്ച് എങ്ങനെ പ്രതിഷേധം നടത്തണമെന്നതിൽ കെപിസിസിയിൽ സമവായമില്ല. നാളെ മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് വിളിച്ച സർവകക്ഷിയോഗത്തിൽ കെപിസിസി പ്രസിഡന്‍റ് എന്ന നിലയിൽ മുല്ലപ്പള്ളി രാമചന്ദ്രൻ പങ്കെടുക്കില്ലെന്ന് ഉറപ്പായി. പകരം പാർട്ടി പ്രതിനിധിയെന്ന നിലയിൽ കൊടിക്കുന്നിൽ സുരേഷാണ് യോഗത്തിന് എത്തുക. ഇടതുപക്ഷവുമായി യോജിച്ചുള്ള ഒരു പ്രക്ഷോഭത്തിന് മുല്ലപ്പള്ളിയ്ക്ക് തീരെ താത്പര്യമില്ലെന്ന സൂചനകൾ തന്നെയാണ് പുറത്തു വരുന്നതും.