മുഖ്യമന്ത്രി തീരുമാനത്തിൽ കൂടുതൽ വിശാല ചർച്ചകൾക്ക് മുതിർന്നിരിക്കുകയാണ് ഹൈക്കമാൻഡ്. കെപിസിസി മുൻ അധ്യക്ഷന്മാരെയും തിരുവഞ്ചൂരിനെയും ദില്ലിക്ക് വിളിപ്പിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രി തീരുമാനത്തിൽ കൂടുതൽ വിശാല ചർച്ചകൾക്ക് മുതിർന്നിരിക്കുകയാണ് ഹൈക്കമാൻഡ്. കെപിസിസി മുൻ അധ്യക്ഷന്മാരെയും തിരുവഞ്ചൂരിനെയും ഹൈക്കമാൻഡ് ദില്ലിക്ക് വിളിപ്പിച്ചിട്ടുണ്ട്. വർക്കിംഗ് പ്രസിഡന്‍റുമാരുമായും നാളെ ചർച്ച നടത്തും. ഘടകകക്ഷി നേതാക്കളുമായി വീണ്ടും സംസാരിക്കാനും തീരുമാനമായിട്ടുണ്ട്. നേതൃത്വം വിളിച്ചു, ഞാൻ പോകുന്നു, പോകേണ്ടത് ബാധ്യതയാണെന്നാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞത്. മുഖ്യമന്ത്രി പ്രഖ്യാനം വൈകുന്നതിൽ അസാധാരണമായി ഒന്നുമില്ല. എന്ത് തീരുമാനം ഉണ്ടായാലും ഉൾക്കൊള്ളും എന്നും അദ്ദേഹം പറഞ്ഞു. സത്യപ്രതിജ്ഞ എന്നുണ്ടാകും എന്ന ചോദ്യത്തിന് അത് പറയേണ്ടത് ഞാൻ അല്ല എന്നും വിഷയത്തിലെ പൊതു ജനങ്ങളുടെ പ്രതിഷേധം ശ്രദ്ധിച്ചിട്ടില്ല എന്നുമായിരുന്നു തിരുവഞ്ചൂരിന്‍റെ പ്രതികരണം.

Add Asianetnews as a Preferred SourcegooglePreferred

ചര്‍ച്ചകളുടെ ഭാഗമായി രാഹുല്‍ ഗാന്ധി ഇന്ന് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുമായും പ്രിയങ്ക ഗാന്ധിയുമായും സംസാരിച്ചു. ലീഗിന്‍റെ നിലപാടും, സംസ്ഥാനത്തെ സാഹചര്യവും പ്രിയങ്ക രാഹുലിനെ ധരിപ്പിച്ചു. അവസാനവട്ട ചര്‍ച്ചകളിലും കെസി വേണുഗോപാലിനാണ് മുന്‍തൂക്കം. അന്‍പതിലേറെ എംഎല്‍എമാരുടെ പിന്തുണ കെസിക്കുണ്ടെന്നും, വി ഡി സതീശനും, രമേശ് ചെന്നിത്തലക്കും ഒറ്റയക്കമാണെന്നുമാണ് നിരീക്ഷകരുടെ റിപ്പോര്‍ട്ടിലുള്ളത്. ജനപ്രതിനിധികളുടെ പിന്തുണ സംഖ്യ മറികടന്ന് മറ്റ് ഘടകങ്ങള്‍ സമീപകാലത്തൊന്നും ഹൈക്കമാന്‍ഡ് പരിഗണിച്ചിട്ടില്ല. എന്നാല്‍ നാളെ നേതാക്കളെ കേള്‍ക്കുന്ന നേതൃത്വം സംസ്ഥാനത്തെ സാഹചര്യം സൂക്ഷ്മമമായി വിലയിരുത്തിയേക്കും. ബുധനാഴ്ചയോടെ തീരുമാനം വന്നേക്കുമെന്ന സൂചനയാണ് നിലവിലുള്ളത്. തീരുമാനം നീളുന്നത് കോണ്‍ഗ്രസിന് ദേശീയ തലത്തിലും ക്ഷീണമായിരിക്കുകയാണ്. പ്രധാന മന്ത്രിയുടെ പരിഹാസത്തിന് പിന്നാലെ ശിവസേന ഷിന്‍ഡെ വിഭാഗവും കോണ്‍ഗ്രസിനെ പരിഹസിച്ചു. ഇതിനിടെ രാഹുല്‍ ഗാന്ധിയുടെ ചോയ്സ് കെസി വേണുഗോപാലാണെന്നും, സംസ്ഥാനത്ത് പ്രതിഷേധം തണുക്കുന്നത് നോക്കി പ്രഖ്യാപനം വൈകിക്കുകയാണെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

YouTube video player