കണ്ണൂര്‍: കണ്ണൂർ ചെറുപുഴയിലെ കരാറുകാരൻ ജോയിയുടെ മരണത്തിൽ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തപ്പെട്ട കോൺഗ്രസ് ബ്ലോക്ക് മുൻ പ്രസി‍ഡന്‍റ് കെ കെ സുരേഷ് കുമാറിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി സെഷൻസ് കോടതി തള്ളി. ഒളിവിലുള്ള ഇയാളെ അറസ്റ്റ് ചെയ്യാൻ പൊലീസ് നീക്കം തുടങ്ങിയിരിക്കുകയാണ്. 

അതേസമയം ആത്മഹത്യാപ്രേരണ കേസിലും കെ കരുണാകരൻ ട്രസ്റ്റുമായി ബന്ധപ്പെട്ട വഞ്ചനാകേസിലും റിമാൻഡിൽ കഴിയുന്ന മുതിർന്ന കോൺഗ്രസ് നേതാവ് കുഞ്ഞിക്കൃഷ്ണൻ നായർക്ക് കോടതി ജാമ്യം അനുവദിച്ചു. പ്രായധിക്യം പരിഗണിച്ചാണ് ഇയാൾക്ക് ജാമ്യം അനുവദിച്ചത്. അതേസമയം റിമാൻഡിലുള്ള ചെറുപുഴ പഞ്ചായത്ത് മുൻപ്രസിഡന്‍റ് റോഷി ജോസ്, അബ്ദുൾ സലീം എന്നിവരുടെ ജാമ്യാപേക്ഷ കോടതി തള്ളി.

കോൺഗ്രസ് നേതൃത്വത്തിലുള്ള കെ കരുണാകരൻ മെമ്മോറിയൽ ആശുപത്രി കെട്ടിടം നിർമ്മിച്ച വകയിൽ ഒരു കോടിയിലധികം രൂപ ജോയിക്ക് കിട്ടാനുണ്ടായിരുന്നു. ഈ കെട്ടിടത്തിന് മുകളിൽ വച്ചാണ് ആത്മഹത്യ ചെയ്ത നിലയില്‍ ജോയിയെ  കണ്ടെത്തിയത്.  പണം ലഭിക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വവുമായി ചില ചർച്ചകൾ നടന്നിരുന്നു. ഇതിനു ശേഷം ജോയിയെ കാണാതാവുകയായിരുന്നെന്നാണ് ബന്ധുക്കളുടെ ആരോപണം.