തിരുവനന്തപുരം: കോവളം മുൻ എംഎൽഎ ജോർജ് മെഴ്സിയർ അന്തരിച്ചു. 68 വയസ്സായിരുന്നു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. 

2006-ലാണ് കോവളം എംഎൽഎയായി ജോർജ് മെഴ്‍സിയർ തെരഞ്ഞെടുക്കപ്പെടുന്നത്. 2011 വരെ അദ്ദേഹം മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ചു. ജില്ലാ സഹകരണ ബാങ്കിന്‍റെ പ്രസിഡന്‍റായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ കെപിസിസി നിർവ്വാഹക സമിതി അംഗമാണ്. 

കെഎസ്‍യുവിലൂടെയാണ് അദ്ദേഹം രാഷ്ട്രീയജീവിതം തുടങ്ങിയത്. തിരുവനന്തപുരം ജില്ലാ കോൺഗ്രസ് സമിതി വൈസ് പ്രസിഡന്‍റ്, കേരള സർവകലാശാലാ അക്കാദമിക് കൗൺസിൽ അംഗം എന്നീ ചുമതലകളും അദ്ദേഹം വഹിച്ചു. വൈമാനികനാകാൻ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം കേരളാ ഫ്ലൈയിംഗ് ക്ലബിൽ നിന്ന് സ്റ്റുഡന്‍റ്സ് പൈലറ്റ്സ് ലൈസൻസും നേടി.