വന്ദേഭാരത് ഉദ്ഘാടനത്തിന് വിദ്യാർത്ഥികൾ ഗണഗീതം പാടിയതിനെ കോൺഗ്രസ് നേതാവ് എൻ.എസ്. നുസൂർ പിന്തുണച്ചു. ഗാനം വിവാദമല്ലെന്നും താൻ മുൻപ് സ്കൗട്ട്സ് ക്യാമ്പുകളിൽ പാടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസിന് ഗാനം തീറെഴുതുന്നത് എന്തിനെന്നും ചോദ്യം

കൊച്ചി: വന്ദേഭാരത് ഉദ്ഘാടനവേളയിൽ സ്കൂൾ വിദ്യാർത്ഥികൾ ഗണഗീതം പാടിയതിനെ പിന്തുണച്ച് കോൺഗ്രസ് നേതാവ് എൻ.എസ്.നുസൂർ. കുട്ടികൾ പാടിയത് വിവാദ ഗാനം അല്ലെന്നും വർഷങ്ങൾക്ക് മുമ്പ് സ്കൗട്ട് ആന്‍റ് ഗൈഡ്സ് ക്യാമ്പുകളിൽ ഈ ഗാനം താനും പാടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ ഗാനം എന്തിനാണ് ആർഎസ്എസിന് തീറെഴുതുന്നതെന്നും യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ഉപാധ്യക്ഷനായ നുസൂർ ഫേസ്ബുക്കിൽ കുറിച്ചു.

ഗാനം ആലപിച്ച കൂട്ടുകാർക്ക് ആശംസ നേർന്നാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. എത്ര മനോഹരമായാണ് കുട്ടികൾ പാടുന്നതെന്ന പ്രശംസയോടെയാണ് കുറിപ്പ് തുടങ്ങുന്നത്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉൾപ്പെടെ വിദ്യാർത്ഥികൾ ഗണഗീതം പാടിയതിനെ വിമർശിക്കുമ്പോഴാണ് എൻ എസ് നുസൂർ വ്യത്യസ്ത അഭിപ്രായം പങ്കിട്ടത്. കെ.സുരേന്ദ്രൻ ഉൾപ്പെടെ ബിജെപി നേതാക്കൾ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്. 

എൻഎസ് നുസൂറിൻ്റെ ഫെയ്‌സ്ബുക് പോസ്റ്റ്

എന്ത് മനോഹരമായാണ് കുട്ടികൾ ഈ ഗാനം പാടിയത്.അത് ഒരിക്കലും ഒരു വിവാദഗാനം അല്ല. വർഷങ്ങൾക്ക് മുൻപ് ഞാനും ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ക്യാമ്പുകളിൽ ഈ ഗാനം പാടിയിരുന്നു. ഇന്നും അത് തുടർന്ന് വരുന്നുമുണ്ട്.പിന്നെന്തിനാണ് ഈ ഗാനം RSS ന് തീറെഴുതുന്നത്. അവർ പാടുന്ന ഗാനങ്ങളെല്ലാം അവരുടേതാണ് എന്ന ചിന്താഗതി എല്ലാപേരും മാറ്റിയെ തീരൂ..

ഗാനം ആലപിച്ച കൂട്ടുകാർക്ക് ആശംസകൾ നേരുന്നു... 🌹

Indian National Congress - Kerala