പത്തനംതിട്ടയിൽ നടന്ന പാർട്ടി പരിപാടിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെ വേദിയിലിരുത്തി എസ്എഫ്ഐയെ പ്രശംസിച്ച് പിജെ കുര്യൻ

പത്തനംതിട്ട: യൂത്ത് കോൺഗ്രസിനെ വിമർശിച്ചും എസ്എഫ്ഐയെ പുകഴ്ത്തിയും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം പി ജെ കുര്യൻ. എസ്എഫ്ഐയുടെ സർവകലാശാല സമരം കണ്ടില്ലേ എന്നും ക്ഷുഭിത യൗവനത്തെ അവർ കൂടെ നിർത്തുന്നു എന്നും കുര്യൻ പറഞ്ഞു. സിപിഎം സംഘടനാ സംവിധാനം ശക്തമാണ്. യൂത്ത് കോൺഗ്രസ് നേതാക്കളെ ടിവിയിൽ കാണാം. ഒരു മണ്ഡലത്തിൽ നേരിട്ടിറങ്ങി 25 ചെറുപ്പക്കാരെ കൂട്ടാൻ കഴിഞ്ഞില്ലെങ്കിൽ കാര്യമില്ലെന്നും രാഹുൽ മാങ്കൂട്ടത്തിലിനെ ഉൾപ്പെടെ വേദിയിലിരുത്തി പി ജെ കുര്യൻ വിമർശിച്ചു.

കഴിഞ്ഞ തവണ താൻ പറഞ്ഞത് കേട്ടിരുന്നെങ്കിൽ പത്തനംതിട്ട ജില്ലയിൽ മൂന്ന് നിയമസഭാ സീറ്റുകളിൽ യു ഡി എഫ് ജയിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ട ജില്ലയിൽ ആരോടും ആലോചിക്കാതെയാണ് സ്ഥാനാർത്ഥികളെ നിർണയിച്ചത്. അനിൽകുമാറും അടൂർ പ്രകാശും ഇരിക്കുന്ന കെപിസിസിയിൽ താൻ പറഞ്ഞ അഭിപ്രായം അംഗീകരിച്ചില്ല. അന്ന് അവർ കേട്ടില്ല. താൻ പറഞ്ഞത് കേട്ടിരുന്നെങ്കിൽ മൂന്ന് പേർ ഉറപ്പായും ജയിക്കുമായിരുന്നു. സ്ഥാനാർത്ഥിയെ അടിച്ചേൽപിച്ചാൽ ഇത്തവണ അപകടം ഉണ്ടാകുമെന്നും കെപിസിസി അധ്യക്ഷനെയും, യുഡിഎഫ് കൺവീനറെയും വേദിയിൽ ഇരുത്തി കുര്യൻ മുന്നറിയിപ്പ് നൽകി.

സർവ്വകലാശാലയിലേക്ക് നടക്കുന്ന എസ്എഫ്ഐ സമരത്തെ പ്രതിപക്ഷ നേതാവ് അടക്കം പരസ്യമായി വിമർശിക്കുമ്പോഴാണ് കുര്യന്റെ പുകഴ്ത്തൽ. കെപിസിസിയുടെ പുതിയ നേതൃത്വത്തെ വേദിയിലിരുത്തി കൊണ്ടുള്ള വിമർശനം പാർട്ടിയിൽ ചർച്ചയായിട്ടുണ്ട്. പരസ്യമായി പറയേണ്ടതില്ലായിരുന്നു എന്ന അതൃപ്തി യുവ നേതാക്കൾ പങ്കുവെക്കുന്നു.

YouTube video player