50 ദിവസം കൊണ്ടാണ് ദില്ലി മുഖ്യമന്ത്രിയെ തീരുമാനിച്ചതെന്നും നാഗ്പൂരിലെ നിർദ്ദേശം അനുസരിച്ച് പ്രവർത്തിക്കുന്ന സംഘടനയല്ല കോൺഗ്രസ് എന്നും ചെന്നിത്തല. തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് ആകെ അഞ്ച് ദിവസം മാത്രമേ ആയിട്ടുള്ളൂവെന്നും ചെന്നിത്തല
ദില്ലി: നരേന്ദ്ര മോദിയുടെ വിമർശനത്തിനെതിരെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. 50 ദിവസം കൊണ്ടാണ് ദില്ലി മുഖ്യമന്ത്രിയെ തീരുമാനിച്ചതെന്നും നാഗ്പൂരിലെ നിർദ്ദേശം അനുസരിച്ച് പ്രവർത്തിക്കുന്ന സംഘടനയല്ല കോൺഗ്രസ് എന്നും ചെന്നിത്തല പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് ആകെ അഞ്ച് ദിവസം മാത്രമേ ആയിട്ടുള്ളൂ. എത്രയും പെട്ടെന്ന് തന്നെ മുഖ്യമന്ത്രി ആര് എന്നതിൽ ഹൈകമാൻഡ് തീരുമാനമുണ്ടാകുമെന്നും ചെന്നിത്തല ദില്ലിയിൽ പറഞ്ഞു. മുഖ്യമന്ത്രി ചർച്ചയ്ക്കായി ദില്ലിയിലെത്തിയ ചെന്നിത്തല വൈകുന്നേരത്തോടെ കേരളത്തിലേക്ക് മടങ്ങി. നിലവിലെ സാഹചര്യത്തിൻ്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് ഇനിയും നീളാനാണ് സാധ്യത.

കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തമിഴ്നാട്ടിൽ ഡിഎംകെയെ കൈവിട്ട് ടിവികെയെ പിന്തുണച്ച് സർക്കാറിൽ ഭാഗമായതിന് പിന്നാലെയാണ് മോദിയുടെ വിമർശനം. മുപ്പത് വർഷത്തോളം, പ്രതിസന്ധി ഘട്ടങ്ങളിൽ കൂടെനിന്ന ഡിഎംകെയെ രാഷ്ട്രീയ കാറ്റ് മാറിയ നിമിഷം കോൺഗ്രസ് ഒറ്റിക്കൊടുത്തുവെന്ന് മോദി വിമർശിച്ചു. അധികാരത്തോടുള്ള അത്യാർത്തി മൂലം, അധികാരം കൊതിയന്മാരായ കോൺഗ്രസ് കിട്ടിയ ആദ്യ അവസരത്തിൽ തന്നെ ഡി.എം.കെയെ പിന്നിൽ നിന്ന് കുത്തിയെന്നും രാഷ്ട്രീയമായി നിലനിൽക്കാൻ മറ്റൊരു പാർട്ടിയെ കൂടി കോൺഗ്രസിന് ആവശ്യമായി വന്നിരിക്കുകയാണെന്നും മോദി വിമർശിച്ചു. പലപ്പോഴും പ്രതിസന്ധികളിൽ ഡി.എം.കെയുമായുള്ള സഖ്യമാണ് കോൺഗ്രസിനെ രക്ഷിച്ചത്. വാസ്തവത്തിൽ, 2014-ന് മുമ്പുള്ള പത്ത് വർഷത്തെ അവരുടെ സർക്കാർ പ്രധാനമായും നിലനിന്നത് ഡി.എം.കെ കാരണമായിരുന്നുവെന്നും അദ്ദേഹം എക്സിൽ കുറിച്ചു.


