കെഎസ്ആർടിസിയുടെ പുതിയ ബിസിനസ് ക്ലാസ് ബസുകളുടെ തിരുവനന്തപുരം - എറണാകുളം സർവീസ് ഉദ്ഘാടനം മാറ്റി. എന്നാൽ, ആലപ്പുഴ-ബെംഗളൂരു റൂട്ടിലെ സർവീസ് 16-ന് ആരംഭിക്കും. വോൾവോ ബസുകളെ അടിസ്ഥാനമാക്കി, കുറഞ്ഞ സീറ്റുകളും ടോയ്‌ലറ്റ്, പാൻട്രി പോലുള്ള ആധുനിക സൗകര്യങ്ങളോടും കൂടിയാണ് ഈ ബസുകൾ ഒരുക്കിയിരിക്കുന്നത്.

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ അഭിമാന പദ്ധതിയായ ബിസിനസ് ക്ലാസ് ബസുകളുടെ ഉദ്ഘാടനത്തിൽ മാറ്റം. നാളെ ഉദ്ഘാടനം തീരുമാനിച്ച തിരുവനന്തപുരം - എറണാകുളം ബസ് മറ്റൊരു ദിവസം നിരത്തിലിറക്കും. ആലപ്പുഴ ബംഗളൂരു ബസിന്‍റെ ഉദ്ഘാടന തീയതിയിൽ മാറ്റമില്ല. 16ന് കെ സി വേണുഗോപാൽ എംപി ആലപ്പുഴയിൽ ഫ്ലാഗ് ഓഫ് ചെയ്യും. നാളെ തമ്പാനൂരിൽ റീഫർബിഷ്ഡ് ബസുകളുടെ ഫ്ലാഗ് ഓഫ് നടക്കും. മറ്റന്നാൾ വെട്ടുകാട് -വേളാങ്കണ്ണി ബസിന്‍റെ ഉദ്ഘാടനവും നടക്കും. ഇതെല്ലാം കഴിഞ്ഞശേഷം തിരുവനന്തപുരം എറണാകുളം ബിസിനസ് ക്ലാസ് ബസ് നിരത്തിലിറക്കും. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ബസുകൾ പുതുക്കി പണിതത്. ഇത്തരത്തിൽ 12 ബസുകളാണ് ഉള്ളത്.

മലിനീകരണം കുറയുമെന്നും എഞ്ചിൻ കാര്യക്ഷമത കൂടുമെന്നും മൈലേജ് വർധിക്കുമെന്നുമാണ് വിലയിരുത്തൽ. പരീക്ഷണം വിജയിച്ചാൽ ബസുകളുടെ സർവീസ് കാലാവധി 15 വർഷത്തിൽ നിന്ന് വർധിപ്പിക്കാനാണ് തീരുമാനം. മുൻ ഗതാഗത മന്ത്രിയായിരുന്നു കെ ബി ഗണേഷ് കുമാറാണ് ബിസിനസ് ക്ലാസ് ബസുകൾ എന്ന ആശയം മുന്നോട്ട് വെച്ചത്. തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്കും തിരിച്ചും സർവീസ് നടത്തുന്നതിനായാണ് അദ്ദേഹം അത്യാഡംബര സംവിധാനങ്ങളുള്ള ബസുകൾ എത്തിച്ചത്. എന്നാൽ, ബിസിനസ് ക്ലാസായി എത്തിയ ബസുകൾ ആലപ്പുഴ-ബെംഗളൂരു റൂട്ടിൽ സർവീസ് നടത്താനാണ് ഇപ്പോൾ തീരുമാനം ആയിട്ടുള്ളത്.

വോൾവോയുടെ ആഡംബര ബസിനെ അടിസ്ഥാനമാക്കിയാണ് ബിസിനസ് ക്ലാസ് സംവിധാനങ്ങളോടെയുള്ള പുതിയ ബസ് ഒരുങ്ങിയിരിക്കുന്നത്. ഓരോ നിരയിലും രണ്ട് സീറ്റുകൾ വീതം നൽകിയാണ് സീറ്റിങ് ലേഔട്ട് ക്രമീകരിച്ചിരിക്കുന്നത്. ഓരോ സീറ്റിന് പിന്നിലും പ്രത്യേകം സ്‌ക്രീനുകളും നൽകിയിട്ടുണ്ട്. പൂർണമായും ചായിക്കാവുന്നതും ലെതർ ആവരണം നൽകിയിട്ടുള്ളതുമാണ് സീറ്റുകൾ. മൊബൈൽ ചാർജിങ്, ബോട്ടിൽ ഹോൾഡർ, ലഗേജ് റാക്ക്, ഫുട്ട് റെസ്റ്റ്, ഹാർഡ് റെസ്റ്റ്, വിൻഡോ കർട്ടൺ തുടങ്ങിയ സംവിധാനങ്ങളാണ് ഇതിലുള്ളത്. നീല നിറമാണ് എക്സ്റ്റീരിയറിന് നൽകിയിട്ടുള്ളത്.കെഎസ്ആർടിസിയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത മറ്റ് പല സംവിധാനങ്ങളും ഈ ബസിനുള്ളിൽ ഒരുങ്ങുന്നുണ്ട്. വോൾവോയുടെ ബസിനെ അടിസ്ഥാനമാക്കിയാണ് ബിസിനസ് ക്ലാസ് ഒരുക്കിയിരിക്കുന്നതെങ്കിലും 35 സീറ്റുകൾ മാത്രമാണ് ഇതിൽ നൽകിയിരിക്കുന്നത്. ഉയർന്ന സ്പേസാണ് ഓരോ യാത്രക്കാരനും ലഭിക്കുക. ചായ ഉൾപ്പെടെയുള്ള ലഘുഭക്ഷണം, ടോയ്‌ലറ്റ്, പാൻട്രി തുടങ്ങിയ സംവിധാനങ്ങൾ ബസിനുള്ളിൽ ഒരുക്കും.