ഇന്ത്യൻ രാഷ്ട്രീയത്തിന്റെ പല ദശാസന്ധികളിലും സിപിഎം ആർഎസ്എസുമായി സഖ്യം ചേർന്നു.

മലപ്പുറം: എംവി ​ഗോവിന്ദൻ്റെ ആർഎസ്എസുമായി ബന്ധപ്പെട്ടുള്ള വിവാദ പരാമർശങ്ങളിൽ പ്രതികരണവുമായി കോൺ​ഗ്രസ് നേതാവ് സന്ദീപ് വാര്യർ. എംവി ഗോവിന്ദൻ പറഞ്ഞത് അർദ്ധസത്യമാണെന്ന് സന്ദീപ് വാര്യർ പ്രതികരിച്ചു. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ പല ദശാസന്ധികളിലും സിപിഎം ആർഎസ്എസുമായി സഖ്യം ചേർന്നു. തൃശ്ശൂർ തെരഞ്ഞെടുപ്പിൽ അടക്കം ആർഎസ്എസ്- സിപിഎം ബന്ധം പൊതുസമൂഹത്തിന് മനസ്സിലായതാണെന്നും സന്ദീപ് വാര്യർ പ്രതികരിച്ചു.

എംവി ഗോവിന്ദന് എം സ്വരാജിനോട് എന്തോ വൈരാഗ്യം ഉണ്ടെന്നു തോന്നുന്നു. പാലക്കാട് നിശബ്ദ പ്രചാരണത്തിന്റെ ദിവസം എന്റെ ആർഎസ്എസ് ബന്ധം പറഞ്ഞ പരസ്യം കൊടുത്ത ആൾക്കാരാണ് സിപിഎം. സിപിഎമ്മും ആർഎസ്എസും തമ്മിൽ പൊക്കിൾ കൊടി ബന്ധമാണ്. രണ്ടുപേരുടെയും കോൺഗ്രസ് വിരുദ്ധ രാഷ്ട്രീയമാണെന്നും സന്ദീപ് വാര്യർ പറഞ്ഞു.

അതിനിടെ, ആർഎസ്എസ് ധാരണ സംബന്ധിച്ച എംവി ഗോവിന്ദൻറെ പ്രസ്താവനയോട് പ്രതികരിച്ച് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് രംഗത്തെത്തി. പഴയ കാര്യങ്ങളാണ് പുറത്തു വരുന്നത്. നിലമ്പൂരിലും സിപിഎം, ബിജെപിയുമായി ധാരണ ഉണ്ടാക്കിയിട്ടുണ്ട്. എംവി ഗോവിന്ദൻ എന്തുകൊണ്ടാണ് ഇങ്ങനെ പറഞ്ഞതെന്ന് ജനം വിലയിരുത്തട്ടെ. തുറന്നു പറഞ്ഞതിൽ നന്ദിയുണ്ട്. എന്നാൽ തെരഞ്ഞെടുപ്പിനെ ഇതൊന്നും ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

കള്ള വോട്ടുകൾ എങ്ങനെ ഉണ്ടാക്കാമെന്ന് ശാസ്ത്രീയമായി പഠിക്കുന്ന പാർട്ടിയാണ് സിപിഎം. കള്ളവോട്ടുകൾ ഉണ്ടാക്കിയെന്ന് ജി സുധാകരൻ പറഞ്ഞതിനെ എംവി ഗോവിന്ദൻ ന്യായീകരിച്ചു. താൻ മത്സരിക്കുന്ന കാലത്തും ഇതിൻറെ അനുഭവം ഉണ്ടായിട്ടുണ്ട്. തൃശ്ശൂരിൽ ബിജെപിയുടെ സ്ഥാനാർഥി എങ്ങനെ വിജയിച്ചു എന്ന് ആലോചിക്കണം. പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ ചേർന്നാണ് ഇത് നടപ്പാക്കിയത്. തൃശ്ശൂരിൽ ചെയ്ത സഹായത്തിന് നിലമ്പൂരിൽ പ്രതിഫലം ഉണ്ടാകുമെന്നും അടൂർ പ്രകാശ് പറഞ്ഞു.

YouTube video player