Asianet News MalayalamAsianet News Malayalam

Lokayukta : 'ലോകായുക്തയെ പൂട്ടാനുള്ള ഓർഡിനൻസിൽ ഒപ്പിടരുത്', ഗവർണർക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

അഴിമതിയാരോപണത്തിൽ ലോകായുക്ത കണ്ടെത്തലുണ്ടായാൽ സർക്കാരിനു തന്നെ പരിശോധന നടത്തി രക്ഷപെടാനാകുന്ന രീതിയിലാണ് ഭേദഗതി വരുന്നത്.

congress leader vd satheesan writes letter to governor against lokayukta law amendment ordinance
Author
Thiruvananthapuram, First Published Jan 25, 2022, 11:21 AM IST

തിരുവനന്തപുരം: ലോകായുക്തയുടെ (Lokayukta) അധികാരം കുറക്കുന്ന രീതിയിൽ നിയമം ഭേദഗതി ചെയ്യാനുള്ള സംസ്ഥാന സർക്കാരിന്റെ ഓർഡിനൻസിൽ ഒപ്പുവയ്ക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ( VD satheesan ) ഗവർണർക്ക് (Governor) കത്ത് നൽകി. ലോകായുക്തയുടെ നിർദേശങ്ങൾ അനുസരിക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്ന് വിഡി സതീശൻ പറഞ്ഞു. 

അഴിമതിയാരോപണത്തിൽ ലോകായുക്ത കണ്ടെത്തലുണ്ടായാൽ സർക്കാരിനു തന്നെ പരിശോധന നടത്തി രക്ഷപെടാനാകുന്ന രീതിയിലാണ് ഭേദഗതി വരുന്നത്. മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കുമെതിരായ പരാതിയിൽ ലോകായുക്ത സർക്കാരിനോട് നടപടിക്ക് ആവശ്യപ്പെട്ടാലും സർക്കാരിനും മുഖ്യമന്ത്രിക്കും ഹിയറിംഗ് നടത്തി നടപടി വേണ്ടെന്ന് വെക്കാം. പുതിയ ഭേദഗതി നിലവിൽ വന്നാൽ, ലോകായുക്തക്ക് പരാതി നൽകിയാൽ കാര്യവുമില്ലെന്ന നിലയിലേക്കെത്തും. ഇതിനാണ് സർക്കാർ ശ്രമിക്കുന്നതെന്നും സതീശൻ കുറ്റപ്പെടുത്തി. 

കെ റെയിൽ അടക്കം സർക്കാരിനെതിരായ കേസുകൾ വരുന്നത് മുന്നിൽ കണ്ടാണ് ലോകായുക്തയെ ദുർബലപ്പെടുത്താൻ പിണറായി സർക്കാർ ശ്രമിക്കുന്നത്. കേരളത്തിലെ ഇടതുപക്ഷത്തിന് വലതുപക്ഷ വ്യതിയാനമുണ്ടാകുന്നുവെന്നതിന്റെ  തെളിവാണ് ഈ നിയമ ഭേഗഗതിക്കുള്ള ഓഡിനൻസ്. സിപിഎമ്മിന്റെ കേന്ദ്ര നയത്തിന് വിരുദ്ധമാണ് ഓർഡിൻസെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. 

ലോകായുക്തയുടെ അധികാരം കവരും വിധത്തിൽ നിയമ നിർമാണം നടത്താനാണ് സർക്കാർ നീക്കം. ലോകയുക്ത വിധി സർക്കാരിന് തള്ളാൻ അധികാരം നൽകുന്നതാണ് പുതിയ ഭേദഗതി. ഓർഡിനൻസ് ഇപ്പോൾ ഗവർണറുടെ പരിഗണനയിലാണ്. ഓർഡ‍ിനൻസ് ​ഗവർണർ അം​ഗീകരിച്ചാൽ ലോകായുക്ത പിന്നെ പേരിന് വേണ്ടി മാത്രമാകും. കൂടുതൽ ഇവിടെ വായിക്കാം..ലോകായുക്തക്ക് പൂട്ടിടാൻ നിയമ ഭേ​​‌ദ​ഗതിയുമായി സർക്കാർ;അം​ഗീകാരം കിട്ടിയാൽ വിധി സർക്കാരിന് തള്ളാം

 

Follow Us:
Download App:
  • android
  • ios