കേന്ദ്ര സർക്കാരിന്‍റെ  പി ആർ ഒയെ പോലെ ഗവർണർ പെരുമാറരുതെന്ന് സുധീരന്‍ബി ജെ പി യെപ്പോലെ ചരിത്രം വളച്ചൊടിക്കാനാണ് ഗവർണറും ശ്രമിക്കുന്നതെന്ന് കെസി ജോസഫ്

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ രാജ്യമാകെ അലയടിക്കുമ്പോള്‍ ഗവര്‍ണര്‍ കേന്ദ്ര സർക്കാരിനെയും പൗരത്വ ഭേദഗതി നിയമത്തെയും വെള്ളപൂശാൻ ശ്രമിക്കുന്നത് നിർഭാഗ്യകരമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെട്ടു.

ഗവര്‍ണര്‍ സ്ഥാനം പോലെയുള്ള ഉന്നതപദവിക്ക് യോജിക്കുന്ന നിലപാടല്ല ഇതെന്ന് വി എം സുധീരൻ പറഞ്ഞു. കേന്ദ്ര സർക്കാരിന്‍റെ പി ആർ ഒയെ പോലെ ഗവർണർ പെരുമാറരുതെന്നും പൗരത്വ നിയമത്തെ ന്യായീകരിക്കുന്ന നടപടികളിൽ നിന്നും ഗവർണർ പിന്തിരിയണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

ഭരണഘടനാപരമായി സമുന്നത പദവിയിൽ ഇരിക്കുന്ന ആരിഫ് മുഹമ്മദ് ഖാൻ ബി ജെ പി യുടെ വക്താവായി അധഃപതിച്ചത് നിർഭാഗ്യകരമാണെന്നായിരുന്നു കോൺഗ്രസ്സ് പാർലിമെന്‍ററി പാർട്ടി ഉപനേതാവ് കെ സി ജോസഫ് എം എൽ എ അഭിപ്രായപ്പെട്ടത്. ബി ജെ പി യെപ്പോലെ ചരിത്രം വളച്ചൊടിക്കാനാണ് ഗവർണറും ശ്രമിക്കുന്നത്. പൗരത്വ ഭേദഗതി ബിൽ കോൺഗ്രസിന്‍റെ സൃഷ്ടിയാണെന്ന ഗവർണറുടെ കണ്ടുപിടുത്തം വസ്തുതാവിരുദ്ധമാണെന്നും ഒരവസരത്തിലും മതത്തിന്‍റെ അടിസ്ഥാനത്തിൽ പൗരത്വം നിശ്ചയിക്കാൻ കോൺഗ്രസ്സ് തയ്യാറായിട്ടില്ലെന്നും കെ സി ജോസഫ് വ്യക്തമാക്കി.

മഹാത്മ ഗാന്ധിയും ജവഹർലാൽ നെഹ്റുവും നൽകിയ വാക്കാണ് പൗരത്വ ഭേദഗതി നിയമത്തിലൂടെ പാലിക്കപ്പെട്ടതെന്നായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരത്തെ അഭിപ്രായപ്പെട്ടത്. 1985ലും 2003ലുമാണ് പൗരത്വ നിയമത്തിന് അടിസ്ഥാന രൂപമുണ്ടായതെന്നും കേന്ദ്രസർക്കാർ അതിന് നിയമപരമായ ഘടന നൽകുകയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞിരുന്നു.