തൃശ്ശൂർ: ചാവക്കാട് പുന്നയിൽ കൊല്ലപ്പെട്ട കോൺ​ഗ്രസ് പ്രാദേശിക നേതാവ് നൗഷാദിന്റെ കുടുംബത്തിനുള്ള ധനസഹായം കൈമാറി. നൗഷാദിന്റെ വീട്ടിൽ വച്ച് നടന്ന ചടങ്ങിൽ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ചേർന്നാണ്  82 ലക്ഷം രൂപയുടെ ധനസഹായം കൈമാറിയത്. നൗഷാദിനൊപ്പം പരിക്കേറ്റ മൂന്നു പേർക്കും സഹായധനം നൽകി. ജില്ലയിലെ ബൂത്ത് പ്രസിഡന്റുമാരുടെ നേതൃത്വത്തിൽ ഒരു ദിവസം നടത്തിയ പിരിവിലാണ് തുക കണ്ടെത്തിയത്.

നൗഷാദിന്റെ മൂന്നു മക്കളുടെയും പേരില്‍ ബാങ്കില്‍ വെവ്വേറെ നിക്ഷേപിച്ച തുകയുടെ രേഖകളാണ് ആദ്യം കൈമാറിയത്. തുടര്‍ന്ന് അമ്മയുടെയും ഭാര്യയുടെയും പേരിലുളള സ്ഥിരനിക്ഷേപ തുകയുടെ രേഖകളും നൽകി. ബാങ്കില്‍ നിന്നുളള പലിശ കൊണ്ട് കുടുംബത്തിന് ജീവിക്കാവുന്ന തരത്തിലാണ് നിക്ഷേപം നടത്തിയിരിരിക്കുന്നത്. ഇതു കൂടാതെ വീടിന്റെ പേരിലുളള വായ്പതുകയും അടച്ചുതീര്‍ത്തു.

ജൂലൈ 31നാണ് കോൺഗ്രസ് പ്രവർത്തകനായ നൗഷാദിനെ ചാവക്കാട്ട് വച്ച് ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ ആകെ 20 പ്രതികളാണുളളത്.  ഇതുവരെ കേസിൽ ഏഴ് പേരാണ് പിടിയിലായിരിക്കുന്നത്. ‌പുന്ന സ്വദേശി അറയ്ക്കല്‍ ജമാല്‍, വടക്കേക്കാട് സ്വദേശി ഫെബീർ, ഫൈസൽ, മുഹമ്മദ് മുസ്തഫ്, ഫാമിസ് അബൂബക്കർ, മുബീൻ, അർഷാദ് എന്നിവരാണ് പിടിയിലായിരിക്കുന്നത്.

Read More: തൃശ്ശൂരില്‍ വെട്ടേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മരിച്ചു; മൂന്ന് പേര്‍ അപകടനില തരണം ചെയ്തു

നൗഷാദിനെ കൊലപ്പെടുത്തിയ പ്രതികളെ പിടികൂടാൻ വൈകുന്നതിൽ കടുത്ത പ്രതിഷേധം കോൺ​ഗ്രസ് നേതൃത്വത്തിൽ നിന്നും ഉയര്‍ന്നിരുന്നു. നിലവിലെ അന്വേഷണസംഘത്തില്‍ വിശ്വാസമില്ലെന്നും കേസ് എൻഐഐയെ ഏല്‍പ്പിക്കണമെന്നും നൗഷാദിന്റെ കുടുംബവും ആവശ്യപ്പെട്ടിരുന്നു. നിലവിലെ അന്വേഷണ സംഘത്തെ മാറ്റി കേസിന്‍റെ അന്വേഷണം എന്‍ഐഎക്ക് വിടണമെന്നും എസ്‍ഡിപിഐ നേതാക്കളുമായി അന്വേഷണ സംഘത്തിലെ ചില പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സാമ്പത്തിക ഇടപാടുകളുണ്ടെന്നും കുടുംബം ആരോപിച്ചു. 

Read More: ചാവക്കാട് നൗഷാദ് വധം; കേസന്വേഷണം ക്രൈംബ്രാഞ്ചും പൊലീസും ഉൾപ്പെട്ട പുതിയ സംഘത്തിന്

ഇതിന് പിന്നാലെ കേസിന്‍റെ അന്വേഷണം ക്രൈംബ്രാഞ്ചും പൊലീസും ഉൾപ്പെട്ട പുതിയ സംഘത്തിന്  കൈമാറിയിരുന്നു. ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്തിനാണ് അന്വേഷണത്തിന്റെ മേൽനോട്ടം.