പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ സിബിഐ അന്വേഷണത്തിന് വിജിലൻസ് ശുപാർശ ചെയ്തു. ഇതിനെ രാഷ്ട്രീയ പ്രേരിതമെന്നും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ളതാണെന്നും കോൺഗ്രസ് നേതാക്കളുടെ പ്രതികരണം.
തിരുവനന്തപുരം: പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ സിബിഐ അന്വേഷണത്തിന് വിജിലൻസ് ശുപാർശ ചെയ്ത സാഹചര്യത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാക്കൾ. സിബിഐ അന്വേഷണം നീക്കത്തെ തള്ളിയും പരിഹസിച്ചുമാണ് കോൺഗ്രസ് നേതാക്കളുടെ പ്രതികരണം. ഓലപ്പാമ്പെന്ന് കെപിസിസി പ്രസിഡന്റും ചെപ്പടിവിദ്യ എന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും പ്രതികരിച്ചു. എന്തൊക്കെ അഭ്യാസം കാണിച്ചാലും യുഡിഎഫ് വരുമെന്ന് ഇതിനൊക്കെ പുല്ലു വിലയാണെെന്നും കെ മുരളീധരൻ പ്രതികരിച്ചു. വയനാട്ടിൽ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് ഒരുക്കത്തിനുള്ള നേതൃ സമ്മേളനം നടക്കുമ്പോഴാണ് സർക്കാരിന്റെ നീക്കം എന്നത് ശ്രദ്ധേയമായി.

തദ്ദേശ തെരഞ്ഞെടുപ്പിൽ കിട്ടിയ മുൻതൂക്കം നിയമസഭാ തിരഞ്ഞെടുപ്പിലും ആഗ്രഹിച്ച് കോൺഗ്രസ് അതിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായാണ് വയനാട്ടിൽ രണ്ടുദിവസത്തെ നേതൃ സമ്മേളനം ചേരുന്നത്. ആവേശപൂർവ്വം നേതാക്കൾ സമ്മേളനത്തിന് പതാക ഉയർത്താൻ നിൽക്കേ ആണ് സിബിഐ അന്വേഷണ ശുപാർശ വാർത്ത പുറത്തുവന്നത്. ആദ്യം മംഗലാപ്പിലായ നേതാക്കൾ പക്ഷേ ഉടൻ തിരിച്ചടിച്ചു. വിഷയത്തിൽ എന്തു വന്നാലും രാഷ്ട്രീയമായി നേരിടും. ഒരു വർഷം മുൻപത്തെ ശുപാർശയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഇപ്പോൾ പുറത്തു വന്നത് തെരഞ്ഞെടുപ്പായതിനാലാണെന്നുമാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

പ്രതിപക്ഷ നേതാവിനെതിരായ നീക്കം മാത്രമല്ല ഇതെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. അതുകൊണ്ടുതന്നെ വി ഡി സതീശന് ശക്തമായ പിന്തുണ നൽകുകയാണ് നേതാക്കൾ. സതീശനെ മുൻനിർത്തി തെരഞ്ഞെടുപ്പിനെ നേരിടുന്നത് തടയാൻ ലക്ഷ്യമിട്ടാണ് സിപിഎമ്മിന്റെ നീക്കം എങ്കിലും പ്രതിപക്ഷത്തെ ഒന്നാകെ പ്രതിക്കൂട്ടിൽ നിർത്താനാണ് ശ്രമമെന്ന് യുഡിഎഫ് കരുതുന്നു. നിലവിലുള്ള കേസുകളിൽ നിന്നും ആരോപണങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ചുവിടാനുള്ള സർക്കാരിന്റെ ഒടുവിലത്തെ അടവാണ് ഇത് എന്ന് നേതൃത്വം പ്രതികരിച്ചു. 2020 തന്നെ സിബിഐ അന്വേഷണം അനുവദിക്കുന്ന പൊതുസമ്മതം പത്രം സംസ്ഥാനത്ത് സർക്കാർ റദ്ദാക്കിയിരുന്നു. സിപിഎം പി വി യുടെ നിർദ്ദേശം അനുസരിച്ച് ആയിരുന്നു ഇതെന്ന കാര്യം സൗകര്യപൂർവ്വം സർക്കാരും പാർട്ടിയും ഇപ്പോൾ മറക്കുന്നതായി കോൺഗ്രസ് നേതൃത്വം ചൂണ്ടിക്കാട്ടുന്നു.


