സിപിഎം ചേർപ്പ് ഏരിയയിലെ അംഗങ്ങൾ സമാഹരിച്ച പണം കൊണ്ടാണ് വീട് നിർമിച്ചത്. പതിനൊന്നര ലക്ഷം രൂപയ്ക്കാണ് വീട് നിർമിച്ചത്. വലിയ സന്തോഷമെന്ന് കൊച്ചു വേലായുധനും കുടുംബവും പ്രതികരിച്ചു.

തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപി നിവേദനമടങ്ങിയ കവർ തുറന്നു പോലും നോക്കാതെ മടക്കിയ ചേർപ്പ് പുള്ളിലെ കൊച്ചു വേലായുധന് ഇന്ന് വീട് കൈമാറും. സിപിഎം നിർമിച്ച വീടിന്‍റെ താക്കോൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്ററാണ് ഇന്ന് ഉച്ചയ്ക്ക് ശേഷം കൈമാറുക. വലിയ സന്തോഷമെന്ന് കൊച്ചു വേലായുധനും കുടുംബവും പ്രതികരിച്ചു. സിപിഎം ചേർപ്പ് ഏരിയയിലെ അംഗങ്ങൾ സമാഹരിച്ച പണം കൊണ്ടാണ് വീട് നിർമിച്ചത്. പതിനൊന്നര ലക്ഷം രൂപയ്ക്കാണ് വീട് നിർമിച്ചത്. 75 ദിവസം കൊണ്ടാണ് വീട് നിർമാണം പൂർത്തിയാക്കിയത്.

2023ലാണ് തെങ്ങ് വീണ് കൊച്ചുവേലായുധന്‍റെ വീട് തകർന്നത്. പലവാതിലും മുട്ടിയെങ്കിലും വീടിനായി സഹായം ലഭിച്ചില്ല. അങ്ങനെയാണ് ജനകീയ വിഷയങ്ങളിൽ ഇടപെടാനായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ നടന്ന 'കലുങ്ക് സൗഹാര്‍ദ വികസന സംവാദ' പരിപാടിയിൽ കൊച്ചുവേലായുധൻ എത്തിയത്. തൃശൂര്‍ ജില്ലയിലെ പുള്ള്, ചെമ്മാപ്പിള്ളി മേഖലകളിൽ സംവാദം നടക്കുമ്പോഴാണ് വയോധികന്‍ കവറില്‍ അപേക്ഷയുമായി വന്നത്. കവര്‍ സുരേഷ് ഗോപിക്ക് നീട്ടിയപ്പോള്‍, 'ഇതൊന്നും എംപിയുടെ ജോലിയേ അല്ല, പോയി പഞ്ചായത്തില്‍ പറയൂ'- എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. ബിജെപി ഭരിക്കുന്ന പഞ്ചായത്തിൽ മാത്രമാണോ എംപി ഫണ്ട് എന്ന് ചോദ്യം പിന്നാലെ ആൾക്കൂട്ടത്തിൽ നിന്ന് ഉയർന്നു.

സംവാദം നടക്കുന്ന ആല്‍ത്തറയില്‍ സുരേഷ് ഗോപിയുടെ അടുത്ത് ഇരിക്കുന്ന ആളിന്റെ കൈയിലും ഒരു കവര്‍ ഉണ്ടായിരുന്നു. ഇത് കേട്ടതോടെ അദ്ദേഹം കവര്‍ പിന്നില്‍ ഒളിപ്പിച്ചു. ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. പരാതി എന്താണ് എന്ന് നോക്കാമായിരുന്നു, പ്രായത്തെ എങ്കിലും മാനിക്കാമായിരുന്നു എന്നെല്ലാം പ്രതികരണങ്ങൾ ഉണ്ടായി. പിന്നാലെയാണ് കൊച്ചുവേലായുധന് വീട് നിർമിച്ചുനൽകുമെന്ന് സിപിഎം. തൃശൂർ ജില്ലാ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ അറിയിച്ചത്. പ്രദേശത്തെ സിപിഎം പ്രവർത്തകരാണ് വീട് നിർമാണത്തിനുള്ള പണം സ്വരൂപിച്ചത്. തകർന്ന ഒറ്റമുറി വീട്ടിൽ നിന്നും പുതിയ വീട്ടിലേക്ക് കൊച്ചുവേലായുധനും കുടുംബവും എത്തി.

YouTube video player