ആലപ്പുഴ തിരിച്ചുപിടിക്കാന്‍ കെ സി മത്സരിക്കുമോ? കോണ്‍ഗ്രസില്‍ സൂചനകള്‍ ശക്തം, ആവേശത്തില്‍ പ്രവര്‍ത്തകര്‍
കെ സി വേണുഗോപാല്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന അഭിപ്രായം മുതിര്‍ന്ന നേതാക്കള്‍ തന്നെ പരസ്യമാക്കിയതോടെ പ്രവര്‍ത്തകരും ആവേശത്തിലാണ്. ആലപ്പുഴ ജില്ലയില്‍, മത്സരിച്ച എല്ലാ തിരഞ്ഞെടുപ്പും ജയിച്ച ചരിത്രമാണ് കെസി വേണുഗോപാലിന്‍റേത്.

തിരുവനന്തപുരം: ആലപ്പുഴ തിരിച്ചുപിടിക്കാന്‍ കെ സി വേണുഗോപാല്‍ മത്സരിച്ചേക്കുമെന്ന സൂചനകള്‍ കോണ്‍ഗ്രസില്‍ ശക്തമായി. കെ സി വേണുഗോപാല്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന അഭിപ്രായം മുതിര്‍ന്ന നേതാക്കള്‍ തന്നെ പരസ്യമാക്കിയതോടെ പ്രവര്‍ത്തകരും ആവേശത്തിലാണ്. ആലപ്പുഴ ജില്ലയില്‍, മത്സരിച്ച എല്ലാ തിരഞ്ഞെടുപ്പും ജയിച്ച ചരിത്രമാണ് കെസി വേണുഗോപാലിന്‍റേത്.
മുപ്പത്തിമൂന്നാം വയസില്‍, ആലപ്പുഴ നിയമസഭാസീറ്റില്‍ മിന്നും വിജയം നേടിയാണ് കണ്ണൂരുകാരനായ കെ സി ആലപ്പുഴയില്‍ താമസമാക്കിയത്. പിന്നെയും രണ്ട് തെരഞ്ഞെടുപ്പുകളില്‍ മികച്ച വിജയം കെ സി വേണുഗോപാല്‍ നേടി. ഒരുകുറി മന്ത്രിയായി. 2009 ല്‍ ലോക്സഭയിലേക്ക് ചുവടുമാറ്റിയപ്പോഴും കെ സി വേണുഗോപാലിന്റെ മണ്ഡലം ആലപ്പുഴ തന്നെയായിരുന്നു. കേന്ദ്രസഹമന്ത്രി പദത്തിലേക്ക് കെ സി ദില്ലിയില്‍ ചെന്നുകയറിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സംഘടനാ ചുമതലകളുടെ പേരില്‍ മാറിനിന്നു. 19 സീറ്റ് ജയിച്ചിട്ടും ആലപ്പുഴയില്‍ യുഡിഎഫ് തോറ്റു. മണ്ഡലം തിരിച്ചുപിടിക്കാന്‍ കെസി തിരിച്ചുവരണമെന്ന് തുറന്നുപറയുകയാണ് ജില്ലയില്‍ നിന്നുള്ള നേതാക്കള്‍ തന്നെ.
കെ സി വേണുഗോപാല്‍ മത്സരിക്കണമെന്ന് ആവശ്യപ്പെടാന്‍ പ്രധാന കാരണങ്ങള്‍ ഇവയാണ്...
1. മണ്ഡലം തിരിച്ചുപിടിക്കാന്‍ കരുത്തുള്ള മറ്റൊരു നേതാവില്ല
2. 28 വര്‍ഷമായി കെ സി വേണുഗോപാലിന് ജില്ലയിലുടനീളം ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞ ജനബന്ധം
3. മതസാമുദായിക സമവാക്യങ്ങളില്‍ കെസി പുലര്‍ത്തിപ്പോരുന്ന മിടുക്ക്
4. സര്‍വോപരി പാര്‍ട്ടിയില്‍ എതിര്‍പ്പുകളുണ്ടാവാന്‍ ഇടയില്ലാത്ത സ്ഥാനാര്‍ത്ഥി എന്ന നിലയിലെ ജയസാധ്യത
ഇടതുപക്ഷത്ത്, സിറ്റിങ് എം പി എഎം ആരിഫ് തന്നെയാകും എന്ന കാര്യത്തില്‍ ഏതാണ്ട് ധാരണായി. ആരിഫിന്‍റെ സ്വീകാര്യതെയെ മറികടക്കാന്‍ കെസി വേണുഗോപാലിനേ സാധിക്കുവെന്ന തോന്നലും കോണ്‍ഗ്രസിലുണ്ട്. ഡോ. കെഎസ് മനോജിനെ, മലര്‍ത്തിയടിച്ച. സിബി ചന്ദ്രബാബുവിനെ തോല്‍പ്പിച്ച കെസി വേണുഗോപാല്‍ മൂന്നാം അങ്കത്തിനെത്തുമ്പോള്‍ അതിലും കരുത്തനാണെന്ന് കോണ്‍ഗ്രസുകാര്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു