തിരുവനന്തപുരം: തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തോൽവിയുടെ കാരണവും പ്രശ്ന പരിഹാരവും തേടി തിരുവനന്തപുരത്തെത്തിയ ഹൈക്കമാന്‍റ് പ്രതിനിധി താരിഖ് അൻവറിന് മുന്നിൽ പരാതികളുടെ കെട്ടഴിച്ച് കോൺഗ്രസ് നേതാക്കൾ. തെരഞ്ഞെടുപ്പു മുൻ നിര്‍ത്തി യാതൊരു ഏകോപനവും നേതൃതലത്തിൽ ഉണ്ടായില്ലെന്നാണ് ചര്‍ച്ചയിൽ പങ്കെടുത്ത നേതാക്കളെല്ലാം കുറ്റപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് ഫണ്ടോ പോസ്റ്ററോ സ്ഥാനാര്‍ത്ഥികളിലേക്ക് എത്തിയിരുന്നില്ല. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിൽ ഗ്രൂപ്പ് അതിപ്രസരമായിരുന്നു. 

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ ഡിസിസികൾക്ക് ഗുരുതര വീഴ്ച ഉണ്ടായി. തിരുവനന്തപുരം അടക്കം ജില്ലാ കോൺഗ്രസ് കമ്മിറ്റികളിൽ അഴിച്ചു പണി വേണമെന്നാണ് ചര്‍ച്ചയിൽ പങ്കെടുത്ത നേതാക്കൾ ആവശ്യപ്പെട്ടത്. പ്രശ്നമുണ്ട് അതിനെന്ത് പരിഹാരം എന്ന് ഹൈക്കമാന്‍റ് പ്രതിനിധികൾ എടുത്ത് ചോദിക്കുന്നുണ്ട്.  എന്നാൽ നേതൃത്വത്തിനെതിരെ അതിരൂക്ഷ വിമര്‍ശനം ഉന്നയിക്കുമ്പോഴും സംസ്ഥാന തലത്തിൽ നേതൃമാറ്റം എന്ന ആവശ്യം ആരും ഊന്നി പറയുന്നില്ലെന്നതും ശ്രദ്ധേയമാണ്. 

വിഡി സതീശൻ

സംസ്ഥാന നേതൃത്വത്തിന്‍റെ ഏകോപനമില്ലായ്മയാണ് പരാജയ കാരണമെന്നായിരുന്നു വിഡി സതീശന്‍റെ നിലപാട്. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിലും വീഴ്ചയുണ്ടായി.  നിയമസഭാ തെരഞ്ഞെടുപ്പിന് ആറ് മാസം മുൻപ് തയ്യാറെടുക്കണമായിരുന്നു. ചുരുങ്ങിയ ദിവസത്തേക്കുള്ള പുനസംഘടനകൊണ്ട് കാര്യം ഇല്ല. സോഷ്യൽ ഗ്രൂപ്പുകളെ ഏകോപ്പിക്കാനും വോട്ട് ചോർച്ച പരിഹരിക്കാനും കഴിഞ്ഞില്ലെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി. 

ടി എൻ പ്രതാപൻ 

തിരുവനന്തപുരം ഉൾപ്പടെ 7 ഡി സി സി പ്രസിഡന്‍റുമാരെ മാറ്റണമെന്നാണ് ടിഎൻ പ്രതാപൻ കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടത്.  ഗ്രൂപ്പ് വീതം വയ്പും ഗ്രൂപ്പ് അതിപ്രസരവുമാണ് പരാജയത്തിന് കാരണം. സംസ്ഥാന നേതൃത്വത്തിലും മാറ്റം വേണമെന്ന് ടിഎൻ പ്രതാപൻ ആവശ്യപ്പെട്ടു. 

പിസി ചാക്കോ

ഘടകകക്ഷികളെ കൂടി വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകണമെന്നാണ് പി സി ചാക്കോ അഭിപ്രായപ്പെട്ടത്. ഗ്രൂപ്പ് അതിപ്രസരം ഒഴിവാക്കണം. അതിനൊപ്പം ഒഴിവ് വരുന്ന രാജ്യസഭാ സീറ്റുകൾ ഘടകകക്ഷികൾക്ക് കൊടുക്കണമെന്നും പിസി ചാക്കോ ആവശ്യപ്പെട്ടു. 

കെസി ജോസഫ് അടൂര്‍ പ്രകാശ് 

കോൺഗ്രസിന്റെ തോൽവിയിൽ സംസ്ഥാന നേതൃത്വത്തിന് മാത്രമല്ല ജില്ലാ ഘടകങ്ങൾക്കും വലിയ പങ്കുണ്ടെന്നാണ് കെസി ജോസഫും അടൂർ പ്രകാശും അഭിപ്രായപ്പെട്ടത്. ഡിസിസികൾ പുനസംഘടിപ്പിക്കണം. ഗ്രൂപ്പ് വിതം വയ്പ് തിരിച്ചടിക്ക് കാരണമായെന്ന് അടൂർ പ്രകാശ് അഭിപ്രായപ്പെട്ടപ്പോൾ  3 മാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് വരുന്നതിനാൽ വലിയ പൊളിച്ചെഴുത്ത് അപ്രായോഗികമാണെന്ന് കെ സി ജോസഫ് പറഞ്ഞു. 

ക്രിയാത്മക ചർച്ചയാണ്  നടക്കുന്നതെന്നാണ് താരീഖ് അൻവര്‍ പറയുന്നത്.  ഗൗരവമായ നിർദ്ദേശങ്ങൾ വന്നുവെന്നും എ ഐ സി സി ജനറൽ സെക്രട്ടറി പ്രതികരിക്കുന്നുണ്ട്.