മണ്ഡലങ്ങള്‍ കുത്തകയാക്കാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്നാണ് ആവശ്യം. കെ സുധാകരന്‍ മത്സരിക്കില്ലെന്ന് ഉറപ്പായതോടെ കണ്ണൂര്‍ സീറ്റിനായുള്ള പിടിവലിയും തുടങ്ങി.
തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിറ്റിങ് എംപിമാര്‍ വീണ്ടും മത്സരിക്കണമെന്ന ആവശ്യത്തിനെതിരെ കോണ്‍ഗ്രസില്‍ എതിര്‍പ്പ് പുകയുന്നു. മണ്ഡലങ്ങള്‍ കുത്തകയാക്കാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്നാണ് ആവശ്യം. കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍ മത്സരിക്കില്ലെന്ന് ഉറപ്പായതോടെ കണ്ണൂര്‍ സീറ്റിനായുള്ള പിടിവലിയും തുടങ്ങി.
തിരുവനന്തപുരത്ത് ശശി തരൂര്‍ മത്സരിക്കുന്നതിനോട് പാര്‍ട്ടിയില്‍ ആര്‍ക്കും എതിര്‍പ്പില്ല. ത്രികോണ മത്സരം നടക്കുന്ന സീറ്റ് നിലനിര്‍ത്തണമെങ്കില്‍ തരൂര്‍ തന്നെ വേണമെന്നതില്‍ രണ്ടഭിപ്രായവുമില്ല. പക്ഷേ ആറ്റിങ്ങലിന് ആ ഇളവില്ല. അഞ്ചുതവണ എംഎല്‍എയും രണ്ടുതവണ മന്ത്രിയും ഒരുകുറി എംപിയുമായ അടൂര്‍ പ്രകാശിന് വീണ്ടും സീറ്റ് നല്‍കുന്നതില്‍ പാര്‍ട്ടിയില്‍ എതിര്‍പ്പുകളുണ്ട്. പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണമെന്നാണ് ആവശ്യം. മാവേലിക്കരയില്‍ മത്സരിക്കുന്ന കൊടിക്കുന്നില്‍ സുരേഷും ലോക്സഭാ സീറ്റ് കുത്തകയാക്കിയെന്നാണ് വിമര്‍ശനം. ഏഴു തവണയാണ് എംപിയായത്. പ്രവര്‍ത്തക സമിതി അംഗമായിട്ടും കെപിസിസി വര്‍ക്കിങ് പ്രസിഡന്‍റ് സ്ഥാനംപോലും ഒഴിയാതെ അധികാരക്കസേരകളില്‍ തുടരുന്നുവെന്നാണ് ആക്ഷേപം.
256 കോടിയുടെ ഈട്ടി മരങ്ങളിൽ കുരുങ്ങി! റവന്യൂ വകുപ്പ് റിപ്പോർട്ടിൽ പ്രതിസന്ധിയിലായി എഴുന്നൂറോളം കർഷകർ
മൂന്നുതവണ എംപിയായ ആന്‍റോ ആന്‍റണിക്കും വീണ്ടും സീറ്റുനല്‍കുന്നതില്‍ എതിര്‍പ്പുള്ളവരുണ്ട്. കെപിസിസി പുനസംഘടനയില്‍ ആന്‍റോ വര്‍ക്കിങ് പ്രസിഡന്‍റാകുനുള്ള സാധ്യതയും കൂടുതലാണ്. കോഴിക്കോട്ട് ഡിസിസി നേതൃത്വം ഒളിഞ്ഞും തെളിഞ്ഞും എം കെ രാഘവന് എതിരാണ്. മൂന്നുതവണ മത്സരിച്ചില്ലേ എന്നാണ് രണ്ടാംനിര നേതാക്കളുടെ ചോദ്യം. മൂന്ന് തവണ എംല്‍എയും ഒരു തവണ എംപിയുമായ ടിഎന്‍ പ്രതാപനും തൃശ്ശൂരില്‍ വീണ്ടും അവസരം നല്‍കുന്നതില്‍ വിയോജിപ്പുള്ളവരുണ്ട്. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങാന്‍ ആഗ്രഹമുള്ള ബെന്നി ബെഹ്നാന്‍ ഹൈക്കമാന്‍ഡ് അനുമതി കിട്ടിയാല്‍ നിയമസഭയിലേക്കാവും മത്സരിക്കുക.

