തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗത്തിനെതിരെ നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസ്. ജോസ് വിഭാഗത്തിനെതിരെ പിന്തുണ തേടി രമേശ് ചെന്നിത്തല ലീഗ് നേതാക്കളെ കാണും. അവിശ്വാസ പ്രമേയത്തിലും രാജ്യസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫിനൊപ്പം നിൽക്കാത്ത ജോസ് പക്ഷത്തെ മുന്നണിയില്‍ നിന്ന് പുറത്താക്കണമെന്നാണ് എല്ലാ ഘടകക്ഷികളുടെയും ആവശ്യം. 

രാജ്യസഭാ തെരഞ്ഞെടുപ്പിലും പ്രതിപക്ഷ അവിശ്വാസത്തിലും ഇടത് അനുകൂല നിലപാടെടുത്ത കേരളാ കോൺഗ്രസ് ജോസ് കെ മാണി പക്ഷത്തെ പ്രശംസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തിയതോടെ കേരളത്തിൽ മുന്നണി രാഷ്ട്രീയത്തിലെ മാറ്റത്തിന് കളമൊരുങ്ങുന്നതായാണ് സൂചന.

രാജ്യസഭാ തെര‍ഞ്ഞെടുപ്പിൽ വിട്ടു നിന്ന ജോസ് പക്ഷ നിലപാടിനെ പ്രശംസിച്ചാണ് ദേശാഭിമാനിയിൽ കോടിയേരിയുടെ ലേഖനം. അവിശ്വാസ പ്രമേയ ചര്‍ച്ചക്കിടെ ജോസ് പക്ഷ എംഎൽഎമാരുടെ നിയമസഭയിലെ അസാന്നിദ്ധ്യം എൽഡിഎഫിനോടുള്ള പരോക്ഷ പിന്തുണയായി വിലയിരുത്തപ്പെടുമ്പോൾ സിപിഎം ഒരു ചുവട് കൂടി അടുക്കുകയാണ്. മുന്നണി രാഷ്ട്രീയത്തിന്‍റെ സ്വഭാവത്തിൽ പ്രകടമായ അന്തരം തെളിയുന്നു എന്നാണ് ഇത് സംബന്ധിച്ച് കോടിയേരിയുടെ പ്രതികരണം.