സിപിഎം ഓഫീസിൽ കോൺഗ്രസ് നേതാക്കൻമാർ വാർത്താസമ്മേളനം നടത്തുന്നതോടെ മറ്റു സംസ്ഥാനങ്ങളിലെ സഖ്യം കേരളത്തിലും യാഥാർത്ഥ്യമാവുകയാണെന്ന് കെ സുരേന്ദ്രന്‍
തിരുവനന്തപുരം:സിപിഎം ഏറ്റുമാനൂർ ഏരിയ കമ്മിറ്റി ഓഫീസിൽ മന്ത്രി വാസവനൊപ്പം കോൺഗ്രസ് നഗരസഭ അദ്ധ്യക്ഷ വാർത്താസമ്മേളനം നടത്തിയത് ഇരുപാർട്ടികളും തമ്മിലുള്ള സഹകരണത്തിൻ്റെ പ്രത്യക്ഷ ഉദ്ദാഹരണമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പിണറായി വിജയൻ നേതൃത്വം നൽകുന്ന ഇടത് സർക്കാരിൻ്റെ ബി ടീമാണ് വിഡി സതീശൻ്റെ യുഡിഎഫ് പ്രതിപക്ഷം. സിപിഎം ഓഫീസിൽ കോൺഗ്രസ് നേതാക്കൻമാർ വാർത്താസമ്മേളനം നടത്തുന്നതോടെ മറ്റു സംസ്ഥാനങ്ങളിലെ സഖ്യം കേരളത്തിലും യാഥാർത്ഥ്യമാവുകയാണ്. 2024 ലെ പൊതുതിരഞ്ഞെടുപ്പിൽ വരാൻ പോവുന്ന അവിശുദ്ധ സഖ്യത്തിൻ്റെ ട്രയലാണ് കോട്ടയത്ത് കണ്ടത്.
ഇരുമുന്നണികളായി നിന്ന് പരസ്പരം മത്സരിച്ച് ജനങ്ങളുടെ കണ്ണിൽപ്പൊടിയിടാതെ ഒരുമിച്ച് മത്സരിക്കാൻ കോൺഗ്രസും സിപിഎമ്മും തയ്യാറാവണം. ഭരണപക്ഷത്തിൻ്റെ ജനവിരുദ്ധ നയങ്ങളെ തുറന്നു കാണിക്കേണ്ടതിന് പകരം അവരുടെ ഓഫീസിൽ വാലും ചുരുട്ടിയിരിക്കുന്ന അടിമകളായി കേരളത്തിലെ പ്രതിപക്ഷം മാറി. ഭരണപക്ഷം നടത്തുന്ന അഴിമതിയിൽ ഒരു പങ്ക് കിട്ടിയാൽ എന്തിനും കൂട്ടുനിൽക്കുന്ന പ്രതിപക്ഷമാണ് കേരളത്തിലുള്ളത്. പരസ്പര സഹകരണ മുന്നണികളുടെ പരസ്യമായ ഐക്യപ്പെടലിൻ്റെ ഉദ്ദാഹരണമാണ് കോട്ടയത്ത് നടന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
സിപിഎം ഓഫീസില്‍ മന്ത്രിക്കൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത് നഗരസഭാധ്യക്ഷ; വിശദീകരണം തേടി കോണ്‍ഗ്രസ്
സി പി എം ഓഫീസിൽ സഹകരണ മന്ത്രി വി എന്‍ വാസവന്‍ നടത്തിയ വാർത്താ സമ്മേളനത്തിൽ ഒപ്പം പങ്കെടുത്ത കോൺഗ്രസ് നഗരസഭാ അധ്യക്ഷയോട് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം വിശദീകരണം തേടി. ഏറ്റുമാനൂർ നഗരസഭാ അധ്യക്ഷ ലൗലി ജോർജിൽ നിന്നാണ് കോട്ടയം ഡിസിസി വിശദീകരണം തേടിയത്. മന്ത്രി വി എൻ വാസവൻ സി പി എം ഏരിയാ കമ്മിറ്റി ഓഫീസിൽ ഇന്നലെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് കോൺഗ്രസുകാരിയായ നഗരസഭാ അധ്യക്ഷയും പങ്കെടുത്തത്.
ഏറ്റുമാനൂർ മണ്ഡലത്തിലെ റോഡ് വികസന പദ്ധതികളെ പറ്റി പറയാനാണ് മന്ത്രി വി എൻ വാസവൻ ഇന്നലെ വാർത്താ സമ്മേളനം വിളിച്ചത്. ഏറ്റുമാനൂരിലെ എംഎൽഎ ഓഫീസിൽ വെച്ചായിരുന്നു വാർത്താസമ്മേളനം ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ, സ്ഥലപരിമിതി മൂലം അവസാന നിമിഷം വാർത്താ സമ്മേളനം തൊട്ടടുത്ത സി പി എം ഏരിയാ കമ്മിറ്റി ഓഫീസിലേക്ക് മാറ്റി.മന്ത്രി ക്ഷണിച്ചത് കൊണ്ടും വിഷയം റോഡ് വികസനം ആയതുകൊണ്ട് കോൺഗ്രസുകാരിയായ നഗരസഭാ അധ്യക്ഷയായ ലൗലി ജോർജും സി പി എം ഏരിയ കമ്മിറ്റി ഓഫീസിൽ നടന്ന വാർത്താ സമ്മേളനത്തിൽ പങ്കെടുത്തത്. എന്നാൽ സി പി എം ഏരിയാ കമ്മിറ്റി ഓഫീസിൽ വച്ച് നടന്ന വാർത്താ സമ്മേളനത്തിൽ കോൺഗ്രസ് നേതാവായ നഗരസഭാ അധ്യക്ഷ പങ്കെടുത്തത് അനൗചിത്യം എന്നാണ് ഡിസിസി നിലപാട്.
