രാജ്യസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ 8 കോൺഗ്രസ് എംഎൽഎമാരാണ് രാജിവച്ചത്

അഹമ്മദാബാദ്: രാജ്യസഭാ തെര‍ഞ്ഞെടുപ്പ് അടുത്തിരിക്കേ ഗുജറാത്തിൽ റിസോർട്ട് രാഷ്ട്രീയത്തിന് കളമൊരുങ്ങി. എംഎൽഎമാർ രാജിവച്ച് അംഗബലം കുറയുന്നത് ഒഴിവാക്കാൻ കോൺഗ്രസ് ഒപ്പമുള്ള 65 എംഎൽഎമാരെ റിസോർട്ടുകളിലേക്ക് മാറ്റാനൊരുങ്ങുകയാണ്. സോൺ തിരിച്ച് എംഎൽഎമാർ പോവേണ്ട റിസോർട്ടുകളുടെ ലിസ്റ്റ് തയാറാക്കിയതായി ഗുജറാത്തിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോ‍ർട്ട് ചെയ്തു. 

വടക്കൻ ഗുജറാത്തിലെ എംഎൽഎമാരെ ബനസ്കന്ത ജില്ലയിലെ അംമ്പാജിയിലുള്ള റിസോർട്ടിലേക്ക് മാറ്റിക്കഴിഞ്ഞെന്നാണ് വിവരം. രാജ്യസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ 8 കോൺഗ്രസ് എംഎൽഎമാരാണ് രാജിവച്ചത്. ഇതോടെ നാല് രാജ്യസഭാ സീറ്റുകളിൽ രണ്ടെണ്ണത്തിൽ ജയിക്കാമെന്ന് കോൺഗ്രസ് പ്രതീക്ഷ ഏറെക്കുറെ അസ്തമിച്ചു.

രാജി വെച്ച എംഎല്‍എമാരില്‍ ചിലര്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുമായി കഴി‍ഞ്ഞ ദിവസം രഹസ്യകൂടിക്കാഴ്ച നടത്തിയെന്ന വിവരവുമുണ്ട്.അതേ സമയം എംഎല്‍എമാരെ പിന്തിരിപ്പിക്കാന്‍ കോണ്ഗ്രസ് ദേശീയ നേതൃത്വം വരെ ഇടപെട്ടെങ്കിലും ശ്രമം പാളി. കൊവിഡില്‍ രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ കോടികള്‍ നല്‍കി എംഎല്‍എമാരെ ബിജെപി വിലക്ക് വാങ്ങുകയാണെന്ന് കോണ്‍ഗ്രസ് ഗുജറാത്ത് ഘടകം കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. രാജ്യസഭയിലേക്ക് നാല് സീറ്റുകളാണ് ഗുജറാത്തില്‍ നിന്നുള്ളത്. 182 അംഗ നിയമസഭയില്‍ 103 അംഗങ്ങളുള്ള ബിജെപിക്ക് രണ്ടു പേരെ അനായാസം വിജയിപ്പിക്കാം. 19 നാണ് രാജ്യസഭ തെരഞ്ഞെടുപ്പ് നടക്കുക.