കെപിസിസി പ്രസിഡന്‍റ്, പ്രതിപക്ഷ നേതാവ് തുടങ്ങിയ നേതാക്കള്‍ക്കൊപ്പമാണ് തരൂര്‍ വേദി പങ്കിട്ടത്. കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയുടെ ക്ഷണപ്രകാരമാണ് തരൂര്‍ എത്തിയതെന്നാണ് വിവരം.

തിരുവനന്തപുരം: നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കോണ്‍ഗ്രസ് വേദിയിലെത്തി പാര്‍ട്ടി എംപിയും പ്രവര്‍ത്തക സമിതി അംഗവുമായ ശശി തരൂര്‍. പിണറായി സര്‍ക്കാരിനെതിരെ മഹിളാ കോണ്‍ഗ്രസ് കുറ്റപത്രം സമര്‍പ്പിക്കാൻ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ പരിപാടിയിലാണ് തരൂര്‍ പങ്കെടുത്തത്. കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയുടെ ക്ഷണപ്രകാരമാണ് തരൂര്‍ എത്തിയതെന്നാണ് വിവരം. ഓപ്പറേഷൻ സിന്ദൂരിലടക്കം നരേന്ദ്രമോദിയെ നിരന്തരം പ്രശംസിച്ച ശശി തരൂര്‍ നേതൃത്വത്തിന് അനഭിമതനായിരുന്നു ഏറെ നാളായി. നിലന്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ താരപ്രചാരകരുടെ പട്ടികയിലുണ്ടായിരുന്ന തരൂരിനെ അവിടെ വോട്ടു പിടിക്കാൻ പ്രത്യേകം ആരും വിളിച്ചില്ല. ഇതെല്ലാം തരൂരും പാർട്ടിയും തമ്മിലുള്ള അകൽച്ച കൂട്ടി.

തിരുവനന്തപുരത്തെ പരിപാടികളിലേയ്ക്ക് തരൂരിനെ വിളിക്കില്ലെന്ന് കെ.മുരളീധരൻ തുറന്നു പറഞ്ഞത് വലിയ വാർത്തയായിരുന്നു . എന്നാൽ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന് അടക്കം രാഹുൽ ഗാന്ധി വിളിച്ച യോഗങ്ങളിൽ തരൂര്‍ പങ്കെടുത്തു. തിരുവനന്തപുരത്ത് എത്തിയ തരൂര്‍ രാജ്ഭവൻ പുറത്തിറക്കുന്ന ത്രൈമാസിക പ്രകാശന ചടങ്ങിൽ കഴി‍ഞ്ഞ ദിവസം പങ്കെടുത്തു. ദില്ലിയിലേയ്ക്ക് മടങ്ങാനിരുന്ന തരൂരിനെ മഹിളാ കോണ്‍ഗ്രസ് നടത്തിയ കേരള യാത്രയുടെ സമാപന ചടങ്ങിൽ പങ്കെടുക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുന്‍ഷി ആവശ്യപ്പെട്ടെന്നാണ് വിവരം. ഇതോടെയാണ് തരൂർ കോൺഗ്രസ് വേദിയിലെത്തിയത്. കെപിസിസി പ്രസിഡന്‍റ്, പ്രതിപക്ഷ നേതാവ് തുടങ്ങിയ നേതാക്കള്‍ക്കൊപ്പമാണ് തരൂര്‍ വേദി പങ്കിട്ടത്.

പ്രതിപക്ഷ നേതാവിനൊപ്പം വേദി പങ്കിട്ട് ശശി തരൂർ 

മഹിളാ കോണ്‍ഗ്രസ് സാഹസ് യാത്രയുടെ സമാപനസമ്മേളനം പ്രതിപക്ഷ നേതാവാണ് ഉത്ഘാടനം ചെയ്തത് . തെരഞ്ഞെടുപ്പുകള്‍ വരാനിരിക്കെ പാര്‍ട്ടി വേദികളിൽ കൂടുതൽ സജീവമാകണമെന്ന് തരൂരിനോട് എഐസിസി ആവശ്യപ്പെട്ടാണ് വിവരം. പാര്‍ട്ടിയെ അടിക്കടി പ്രതിരോധത്തിലാക്കുന്ന തരൂരിനെതിരെ എഐസിസി നടപടിയെടുക്കണമെന്ന് സംസ്ഥാനത്തെ ഒരു വിഭാഗം നേതാക്കള്‍ക്ക് അഭിപ്രായമുണ്ടായിരുന്നു. എന്നാൽ കേരളത്തിൽ അധികാരത്തിൽ തിരിച്ചു വരാൻ തരൂരും വേണമെന്നായിരുന്നു മറുചേരിയുടെ പക്ഷം. തെരഞ്ഞെടുപ്പുകള്‍ വരാനിരിക്കെ പാര്‍ട്ടി പരിപാടികളിൽ എഐസിസി ഇടപെട്ട് തരൂരിനെ പങ്കെടുപ്പിക്കുന്നുവെന്നത് ശ്രദ്ധേയമാണ്.