2000 രൂപക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ നീക്കം അമേരിക്കൻ കമ്പനികളെയും ട്രംപിനെയും പ്രീതിപ്പെടുത്താനാണെന്ന് കോൺഗ്രസ് ആരോപിച്ചു. ഈ ഫീസ് സാധാരണക്കാരെ ബാധിക്കുമെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തുമ്പോൾ, ഭാവിയിൽ ചെറിയ ഇടപാടുകൾക്കും ഫീസ് വന്നേക്കാമെന്ന് പ്രതിപക്ഷം ആശങ്കപ്പെടുന്നു.

ദില്ലി: 2000 രൂപക്ക് മേലുള്ള യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്താനുള്ള നീക്കം അമേരിക്കൻ കമ്പനികൾക്ക് വേണ്ടിയാണെന്ന് കോൺഗ്രസ്. യുഎസ് കമ്പനികളുടെ നിർബന്ധത്തിന് വഴങ്ങി പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പ്രീതിപ്പെടുത്താനാണ് കേന്ദ്ര സർക്കാർ നീക്കമെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. വ്യക്തികൾക്കിടയിൽ എത്ര തുകയുടെ ഇടപാട് നടന്നാലും ഫീസ് ഉണ്ടാകില്ല എന്ന വാഗ്ദാനം സർക്കാർ ലംഘിക്കുകയാണെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.

വ്യാപാരികളിൽ നിന്ന് ഈടാക്കുന്ന തുക സാധാരണക്കാരുടെ മേൽ അവർ ചുമത്തുമെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. 2000 രൂപ വരെയുള്ള യുപിഐ ഇടപാടുകൾക്കും റുപേ ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്കും ചാർജ് ഈടാക്കരുതെന്ന് കേന്ദ്രസർക്കാർ ഇന്നലെ ബാങ്കുകൾക്കും പണമിടപാട് സ്ഥാപനങ്ങൾക്കും നിർദേശം നൽകിയിരുന്നു. പാർലമെന്റ് അടുത്തിടെ പാസാക്കിയ ടാക്സേഷൻ നിയമ ഭേദഗതിയിൽ യുപിഐ ഇടപാടുകൾക്ക് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് അഥവാ എംഡിആർ ചുമത്തുന്നതിനുള്ള വിലക്ക് നീക്കിയിരുന്നു.

യുപിഐയിൽ 96 ശതമാനം ഇടപാടുകളും 2000 രൂപയ്ക്ക് താഴെയുള്ളതാണെന്നാണ് സർക്കാരിന്റെ വാദം. എന്നാൽ എപ്പോൾ വേണമെങ്കിലും സമാന വിജ്ഞാപനത്തിലൂടെ 2000 രൂപയ്ക്ക് താഴെയുള്ള ഇടപാടുകൾക്കും സർക്കാരിന് ഫീസ് ഏർപ്പെടുത്താൻ കഴിയുമെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.