രാഹുലിന്റെ കാര്യത്തിൽ കോൺഗ്രസ് കൃത്യമായ സമയത്ത് കൃത്യമായ നിലപാട് എടുത്തു

പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിന്റെ കാര്യത്തിൽ കോൺഗ്രസ് പാർട്ടിയെടുത്തത് കൃത്യമായ നിലപാടാണെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ എംപി. രാഹുലിന്റെ കാര്യത്തിൽ കോൺഗ്രസ് കൃത്യമായ സമയത്ത് കൃത്യമായ നിലപാട് എടുത്തു. ഔദ്യോഗികമായി ഒരു പരാതി പോലും ലഭിക്കുന്നതിന് മുൻപ് രാഹുൽ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്ന് രാജിവെച്ചു. ഇത് കോൺ​ഗ്രസ് സ്ത്രീപക്ഷത്ത് എന്ന് തെളിയിക്കുന്ന നടപടിയായിരുന്നെന്നും ജെബി മേത്തർ എംപി പറഞ്ഞു.

സിപിഎമ്മിനെ പോലെ ന്യായീകരണങ്ങളിലേക്ക് കോൺഗ്രസ് പോയില്ല. പരാതി ലഭിക്കുന്നതിന് മുൻപ് തന്നെ രാഹുൽ രാജിവെച്ചു. ഇക്കാര്യത്തിൽ കോൺഗ്രസ് പാർട്ടിയെടുത്തത് കൃത്യമായ നിലപാടാണ്. രാഹുലിനെതിരായ ആരോപണങ്ങൾ പരിശോധിക്കപ്പെടണം എന്ന് തന്നെയാണ് തന്റെ നിലപാടെന്നും അവർ വ്യക്തമാക്കി.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പദവിയിൽ തുടരുന്നതിൽ കോൺഗ്രസിനുള്ളിൽ അഭിപ്രായ ഭിന്നത രൂക്ഷമായി തുടരുകയാണ്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ രാഹുൽ രാജിവെക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുമ്പോൾ, പാർട്ടിയിലെ ഒരു വിഭാഗം അതിനെ എതിർക്കുകയാണ്. വരാനിരിക്കുന്ന തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്റെ സാധ്യതകളെ ബാധിക്കുമെന്ന ആശങ്കയാണ് നേതാക്കൾക്കുള്ളത്.

YouTube video player