മന്ത്രിക്കെതിരെ നാളെ ലോകായുക്തയ്ക്ക് പരാതി നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുകയാണ് കോണ്‍ഗ്രസ്.
തിരുവനന്തപുരം: കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ (Kannur University VC) പുനർ നിയമനത്തിന് ശുപാർശ ചെയ്തതിലൂടെ മന്ത്രി ആര്‍ ബിന്ദു (R Bindu) സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് രമേശ് ചെന്നിത്തല (Ramesh Chennithala). മന്ത്രി രാജിവയ്ക്കണം. മന്ത്രിയുടെ നടപടി സ്വജനപക്ഷപാതമാണ്. സെർച്ച് കമ്മിറ്റി റദ്ദാക്കാനും മന്ത്രി പറഞ്ഞതായി രേഖകള്‍ പുറത്തു വന്നിട്ടുണ്ട്. മന്ത്രി ചെയ്തത് ഇല്ലാത്ത അധികാരം പ്രയോഗിക്കുന്ന നടപടിയാണ്. മന്ത്രിക്കെതിരെ നാളെ ലോകായുക്തയ്ക്ക് പരാതി നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുകയാണ് കോണ്‍ഗ്രസ്.
ഉന്നതവിദ്യാഭ്യാസ മന്ത്രിക്ക് സ൪വ്വകലാശാല നിയമങ്ങളെക്കുറിച്ച് ധാരണയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. അങ്ങനെ ഉള്ള വ്യക്തി ഉന്നത വിദ്യാഭ്യാസ മന്ത്രിയായത് നാണക്കേടാണ്. ചാൻസലറായ ഗവർണറെ നോക്കുകുത്തിയാക്കിയാണ് നിയമനം നടക്കുന്നത്. പഴയ കമ്മീഷൻ ശുപാർശ ച൪ച്ചയാക്കുന്നത് നിലവിലെ വിഷയങ്ങളെ ല൦ഘുകരിക്കാനുള്ള ശ്രമമാണെന്നും സതീശന്‍ ആരോപിച്ചു.
കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പുനർ നിയമനത്തിന് ശുപാർശ ചെയ്തത് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു എന്നതിന് തെളിവ് പുറത്ത്. മന്ത്രി അയച്ച കത്ത് പുറത്തു വന്നു. ഇതു സംബന്ധിച്ച് ഗവർണ്ണർക്കാണ് പ്രൊഫ. ബിന്ദു കത്ത് നൽകിയത്. വി സി നിയമനത്തിന് ഇറക്കിയ അപേക്ഷ പിൻവലിക്കാൻ ആവശ്യപ്പെട്ടതും മന്ത്രിയാണ്. സേർച്ച് കമ്മിറ്റി റദ്ദാക്കാനും മന്ത്രി ശുപാർശ ചെയ്തെന്നാണ് പുറത്തുവരുന്ന വിവരം.
കണ്ണൂർ വിസി പുനർ നിയമനത്തിന് ഗവർണ്ണറോട് ആവശ്യപ്പെട്ടത് മന്ത്രിയാണെന്ന് പ്രതിപക്ഷം ആവർത്തിക്കുമ്പോഴും മന്ത്രി മൗനം തുടരുന്നതിനിടെയാണ് കത്ത് പുറത്തുവന്നിരിക്കുന്നത്. വിസിക്ക് പുനർനിയമനം നൽകാൻ സർക്കാർ നോമിനിയെ ചാൻസലറുടെ നോമിനിയാക്കാൻ മന്ത്രി ആവശ്യപ്പെട്ടെന്ന ഗവർണ്ണറുടെ വെളിപ്പെടുത്തലാണ് മന്ത്രിയെ സംശയത്തിന്‍റെ നിഴലിലാക്കിയത്.
വിരമിച്ച ദിവസം കണ്ണൂർ വിസി ഗോപിനാഥ് രവീന്ദ്രനെ തന്നെ നിയമനം നൽകാൻ ആര് ഗവർണ്ണർക്ക് ശുപാർശ നൽകി എന്നതിൽ സർക്കാർ ഉരുണ്ടുകളി തുടരുകയാണ്. സർക്കാർ ശുപാർശ നൽകിയിട്ടില്ലെന്നാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിക്ക് കിട്ടിയ മറുപടി. വിവരാവകാശ നിയമപ്രകാരമുള്ള തുടർ അപേക്ഷകളിൽ രാജ്ഭവൻറെയും സർക്കാറിൻറെയും മറുപടി കാത്തിരിക്കെ സംശയമുന നീളുന്നത് ഉന്നത വിദ്യാഭ്യാസമന്ത്രിയിലേക്ക് തന്നെയായിരുന്നു. സർക്കാർ നിലപാട് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി അറിയിക്കുന്നതിന് പകരം മന്ത്രി തന്നെ വിസി നിയമനത്തിന് കത്ത് നൽകി എന്ന ആക്ഷേപം തുടർച്ചയായി പ്രതിപക്ഷം ഉയർത്തുന്നു.

