ഇടുക്കി: മൂന്നാറിൽ യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിനെതിരെ പ്രതിഷേധ സമരവുമായി കോൺഗ്രസ്. അഴിമതിയും ഉദ്യോഗസ്ഥ അനാസ്ഥയും ചൂണ്ടിക്കാണ്ടിയായിരുന്നു കോൺ​ഗ്രസ് ഇന്നലെ പ്രതിഷേധം സംഘടിപ്പിച്ചത്. കെപിസിസി വൈസ് പ്രസിഡന്റ് എ കെ മണിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

ഓരോരോ ആവശ്യങ്ങളുമായി പഞ്ചായത്തിലേക്ക് വരുന്ന തോട്ടം തൊഴിലാളികളെ ഉദ്യോഗസ്ഥർ അനാവശ്യമായി നടത്തിക്കുകയും അവരോട് കൈക്കൂലി ആവശ്യപ്പെടുകയും ചെയ്യുന്നു. ഉദ്യോഗസ്ഥരെ നിലയ്ക്ക് നിർത്താൻ അധികൃതർ തയ്യാറാകണമെന്നും പ്രതിഷേധക്കാർ പറഞ്ഞു. പഞ്ചായത്തിന്‍റെ ഭരണസ്തംഭനം ചൂണ്ടിക്കാട്ടി പ്രതിപക്ഷം രംഗത്ത് ഇറങ്ങിയതിന് പിന്നാലെയാണ് പ്രതിഷേധ സമരവുമായി കോൺഗ്രസ് എത്തിയത്.

അതേസമയം, കോൺഗ്രസ് പ്രതിനിധി പ്രസിഡന്‍റായ പഞ്ചായത്തിനെതിരെ സമരം നടത്തിയതിൽ മൂന്നാറിലെ ഒരു വിഭാഗം പാർട്ടി പ്രവർത്തകർ പ്രതിഷേധത്തിലാണ്. സംസ്ഥാന നേതാവ് തന്നെ യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിനെതിരെ സമരം നടത്തിയത് ശരിയായില്ലെന്ന് ഒരു വിഭാ​ഗം പ്രവർത്തകർ വിമർശിച്ച് രം​ഗത്തെത്തി.

സമരത്തിന് മുമ്പ് യുഡിഎഫ് യോഗം വിളിക്കാതിരുന്നത് മര്യാദ കേടായെന്നും പ്രവർത്തകർ അഭിപ്രായപ്പെട്ടു. എന്നാൽ, പാർട്ടിയുടെ പ്രതിച്ഛായ നിലനിർത്താൻ സമരം അനിവാര്യമായിരുന്നെന്നാണ് മറുവിഭാഗത്തിന്‍റെ പ്രതികരണം. പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതി മറച്ച് വയ്ക്കാനാണ് സമരനാടകം നടത്തിയതെന്നാണ് പ്രതിപക്ഷത്തിന്റെ വിമർശനം.