ജീവനൊടുക്കിയ ഭിന്നശേഷിക്കാരനായ ജോസഫിന്റെ മൃതദേഹവുമായി കളക്ടറേറ്റിനു മുന്നിൽ കുത്തിയിരിക്കുമെന്ന് പഞ്ചായത്തിലെ കോൺഗ്രസ്‌ ജനപ്രതിനിധികൾ അറിയിച്ചു.

കോഴിക്കോട്: കോഴിക്കോട് ചക്കിട്ടപാറയിലെ ഭിന്നശേഷിക്കാരന്റെ ആത്മഹത്യയിൽ പ്രതിഷേധവുമായി കോൺ​ഗ്രസ്. ജീവനൊടുക്കിയ ഭിന്നശേഷിക്കാരനായ ജോസഫിന്റെ മൃതദേഹവുമായി കളക്ടറേറ്റിനു മുന്നിൽ കുത്തിയിരിക്കുമെന്ന് പഞ്ചായത്തിലെ കോൺഗ്രസ്‌ ജനപ്രതിനിധികൾ അറിയിച്ചു.

മൃതദേഹം വിലാപയാത്രയായി കോഴിക്കോട് കളക്ടറേറ്റിലേക്ക് കൊണ്ട് പോകുമെന്നു ചക്കിട്ടപാറ പഞ്ചായത്ത് അംഗം ജിതേഷ് മുതുകാട് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ജോസഫ് ജീവനൊടുക്കിയത് ക്ഷേമ പെൻഷൻ കിട്ടാത്ത എല്ലാവർക്കും വേണ്ടിയാണ്. പെൻഷൻ കുടിശികയുടെ കാര്യത്തിൽ തീരുമാനമാക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ല. ജോസഫിനു ജീവിക്കാൻ മാർഗ്ഗമുണ്ടായിരുന്നെന്ന ചക്കിട്ടപ്പാറ പഞ്ചായത് പ്രസിഡന്റിന്റെ വാദം രാഷ്ട്രീയ താല്പര്യം മൂലമെന്നും ജിതേഷ് ഏഷ്യാനെറ്റ്‌ ന്യൂസിനോട് വ്യക്തമാക്കി. 

ഇന്നലെയാണ് കോഴിക്കോട് ചക്കിട്ടപ്പാറയിൽ ഭിന്നശേഷിക്കാരനാ ജോസഫ് തൂങ്ങി മരിച്ചത്. ഇദ്ദേഹത്തിനും കിടപ്പുരോ​ഗിയായ മകൾക്കും 5 മാസമായി പെൻഷൻ മുടങ്ങിയിരുന്നു. പെൻഷൻ കിട്ടിയില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് കാണിച്ച് ജോസഫ് പഞ്ചായത്ത് ഓഫീസിൽ കത്ത് നൽകിയിരുന്നു.