Asianet News MalayalamAsianet News Malayalam

കൊല്ലത്ത് വാക്സിൻ വിതരണത്തെ ചൊല്ലി തർക്കം; സിപിഎം അനുഭാവികൾക്ക് മാത്രം നല്‍കുന്നെന്ന് കോൺഗ്രസ്

പ്രതിഷേധത്തിനിടെ പ്രവർത്തകർ കൈയേറ്റം ചെയ്തെന്നാരോപിച്ച് ആരോഗ്യ കേന്ദ്രത്തിന്‍റെ ചുമതലയുള്ള ഡോക്ടർ പൊലീസിൽ പരാതി നൽകി. ഡോക്ടറുടെ പരാതിയിൽ പഞ്ചായത്ത് പ്രസിഡന്‍റ് അടക്കം കോൺഗ്രസ് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.

Congress Protest over vaccine distribution in Kollam
Author
Kollam, First Published Jul 20, 2021, 9:24 AM IST

കൊല്ലം: കൊവിഡ് വാക്സിൻ വിതരണത്തിലെ ക്രമക്കേടാരോപിച്ച് കൊല്ലം നിലമേൽ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. പ്രവർത്തകർ കൈയേറ്റം ചെയ്തെന്നാരോപിച്ച് ആരോഗ്യ കേന്ദ്രത്തിന്‍റെ ചുമതലയുള്ള ഡോക്ടർ പൊലീസിൽ പരാതി നൽകി. ഡോക്ടറുടെ പരാതിയിൽ പഞ്ചായത്ത് പ്രസിഡന്‍റ് അടക്കം കോൺഗ്രസ് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.

നിലമേൽ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ വാക്സിൻ വിതരണത്തെ പറ്റി ദീർഘനാളായി നില നിൽക്കുന്ന പരാതികളുടെ തുടർച്ചയായിരുന്നു കോൺഗ്രസിന്‍റെ പ്രതിഷേധം. സിപിഎം അനുഭാവികൾക്ക് യാതൊരു മാനദണ്ഡവും പാലിക്കാതെ വാക്സിൻ നൽകുന്നു എന്നാരോപിച്ചാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വിനീതയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ ആരോഗ്യ കേന്ദ്രത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്. ഇതിനിടെ ആരോഗ്യ വകുപ്പിന്‍റെ ഓൺലൈൻ മീറ്റിംഗിൽ പങ്കെടുക്കാനായി ആശുപത്രിയുടെ ചുമതലയുള്ള ഡോക്ടർ ശശി രാധാകൃഷ്ണൻ ശ്രമിച്ചു. ഈ സമയം കോൺഗ്രസ് പ്രവർത്തകർ തന്‍റെ മൊബൈൽ ഫോണും ഹെഡ്സെറ്റും വലിച്ചെറിഞ്ഞെന്നും പിടിവലിയിൽ കൈയ്ക്ക് പരുക്കേറ്റെന്നുമാണ് ഡോക്ടറുടെ ആരോപണം.

പിന്നീട് പൊലീസെത്തി കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതടക്കം ജാമ്യമില്ലാത്ത കുറ്റങ്ങളാണ് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. എന്നാൽ ഡോക്ടർക്കെതിരെ കൈയേറ്റം ഉണ്ടായിട്ടില്ലെന്ന് കോൺഗ്രസ് നേതാക്കൾ വിശദീകരിച്ചു. കൊല്ലം ജില്ലയിൽ മിക്കയിടത്തും വാക്സിൻ വിതരണത്തിലെ സ്വജനപക്ഷപാതത്തെ പറ്റി പരാതികൾ വ്യാപകമാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios