ഹല്‍ദ്വാനിയില്‍ ഖര്‍ഗെ പ്രസംഗിച്ച വേദി ശുദ്ധീകരിച്ചെന്ന് പരാതി. ദളിതനായതുകൊണ്ട് അപമാനിച്ചുവെന്ന് ഖര്‍ഗെയുടെ പരാതിയിൽ കേന്ദ്രം അന്വേഷണത്തിന് ഉത്തരവിട്ടു, പ്രധാനമന്ത്രി മാപ്പ് പറയണമെന്നാവശ്യപ്പെട്ട കോൺഗ്രസ് രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു
ദില്ലി: ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ ജാതി അധിക്ഷേപം നേരിട്ടുവെന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെ പരാതിയിൽ പ്രതിഷേധം ശക്തമാകുന്നു. വര്‍ഷകാല സമ്മേളനത്തിന്‍റെ അവസാന ദിനം പാര്‍ലമെന്‍റിനെ പ്രക്ഷുബ്ധമാക്കുന്നതായിരുന്നു ഖര്‍ഗെയുടെ പരാതി. ദളിതനായതുകൊണ്ടാണ് അപമാനം നേരിടേണ്ടി വന്നതെന്നും, രാജ്യത്ത് തൊട്ടുകൂടായ്മ ഇപ്പോഴും തുടരുകയാണെന്നും ഖര്‍ഗെ രൂക്ഷമായി വിമര്‍ശിച്ചു. അപമാനഭാരം താങ്ങാനാവുന്നില്ലെന്ന് വിലപിക്കും പോലെയാണ് ഖര്‍ഗെ രാജ്യസഭയില്‍ ഹല്‍ദ്വാനിയില്‍ നടന്ന സംഭവം വിശദീകരിച്ചത്. കഴിഞ്ഞ ശനിയാഴ്ച കോണ്‍ഗ്രസ് റാലിയില്‍ പങ്കെടുത്ത് മടങ്ങിയതിന് ശേഷം ബി ജെ പി - സംഘപരിവാർ പ്രവര്‍ത്തകര്‍ വേദി ശുദ്ധീകരിച്ചെന്നാണ് ഖര്‍ഗെ പരാതിപ്പെട്ടത്. ദളിതനായതുകൊണ്ടാണ് വിവേചനം നേരിട്ടതെന്നും, രാജ്യത്ത് തൊട്ടു കൂടായ്മ ഇപ്പോഴും നിലനില്‍ക്കുന്നുവെന്നും ഖര്‍ഗെ ആരോപിച്ചു.
അന്വേഷിക്കാൻ കേന്ദ്ര സർക്കാർ
ബി ജെ പി ദേശീയ അധ്യക്ഷനോട് അന്വേഷിക്കാന്‍ നിര്‍ദ്ദേശിച്ചെന്നും, ബി ജെ പിക്ക് ബന്ധമുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും പരാതിയിലിടപെട്ട് സംസാരിച്ച കേന്ദ്ര മന്ത്രി ജെ പി നദ്ദ വ്യക്തമാക്കി. സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ് നടന്നതെന്നും, കുറ്റക്കാര്‍ക്കെതിരെ കടുത്ത ശിക്ഷ ഉറപ്പ് വരുത്തുമെന്നും രാജ്യസഭ ചെയര്‍മാന്‍ പറഞ്ഞു. വേദനയുണ്ടാക്കുന്ന സംഭവമെന്ന് വിവരിച്ച അദ്ദേഹം അന്വേഷണത്തിനും നിര്‍ദ്ദേശിച്ചു.
നാളെ രാജ്യവ്യാപക പ്രതിഷേധം
ശ്രീരാം സേന എന്ന തീവ്ര ഹിന്ദു നിലപാടുള്ള സംഘടനയാണ് ഖര്‍ഗെ പ്രസംഗിച്ച വേദിയില്‍ ശുദ്ധീകരണം നടത്തിയത്. സാംസ്ക്കാരിക, ആധ്യാത്മിക പരിപാടികള്‍ക്കേ വേദി ഉപയോഗിക്കാറുള്ളൂവെന്നും, രാഷ്ട്രീയ പരിപാടി നടത്തിയതുകൊണ്ടാണ് ശുദ്ധീകരിച്ചതെന്നുമാണ് സംഘടനയുടെ നിലപാട്. സംഭവത്തില്‍ രാജ്യവ്യാപകമായി നാളെ വൈകീട്ട് ജില്ലാ കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ് പ്രതിഷേധിക്കും. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് മാപ്പ് പറയണമെന്നാണ് ആവശ്യമെന്ന് എ ഐ സി സി സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആവശ്യപ്പെട്ടു. നാളെ രാജ്യവ്യാപക പ്രതിഷേധത്തിന് കോൺഗ്രസ് ആഹ്വാനം ചെയ്തെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി. ഖർഗേയ്ക്ക് എതിരായുള്ള ശുദ്ധികലശം രാജ്യം മുഴുവൻ അപലപിക്കേണ്ടതാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി ആവശ്യപ്പെട്ടു. സംഘപരിവാർ സംഘടനകൾക്ക് ഇപ്പോഴും ജാതീയമായ കാഴ്ചപ്പാടും അയിത്ത മനോഭാവവുമാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. ദലിത് സമൂഹത്തോടുള്ള മനോഭാവാം തുറന്നുകാട്ടുന്നതാണെന്നും ഇതിനെ തള്ളിപ്പറയാൻ ബി ജെ പി തയ്യാറായിട്ടില്ലെന്നും കൊടിക്കുന്നിൽ സുരേഷ് ചൂണ്ടിക്കാട്ടി. ബി ജെ പി ദളിതരെ വേട്ടയാടുകയാണെന്ന് പറഞ്ഞ അദ്ദേഹം, പ്രധാനമന്ത്രി മോദി മൗനം പാലിക്കുന്നതിനെയും വിമർശിച്ചു.

