തിരുവനന്തപുരം:  വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിന്‍റെ സിസിടിവി ദൃശ്യങ്ങളുയര്‍ത്തി സിപിഎമ്മിനെതിരെ കോണ്‍ഗ്രസിന്‍റെ ആരോപണം. അക്രമം നടന്ന സ്ഥലത്ത് ഉണ്ടായിരുന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ പങ്കാളിത്തത്തെ പറ്റി പൊലീസും സിപിഎമ്മും മൗനം പാലിക്കുകയാണെന്ന് മുന്‍ കെപിസിസി പ്രസിഡന്‍റ് എം എം ഹസന്‍ ആരോപിച്ചു.  സംഭവ സ്ഥലത്തുണ്ടായിരുന്ന പ്രതികളില്‍ പലരെയും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹിമാണ് സംരക്ഷിക്കുന്നതെന്നും വാര്‍ത്താ സമ്മേളനത്തില്‍ നേതാക്കള്‍ ആരോപിച്ചു.

കൊല്ലപ്പെട്ട ഹഖിനും മിഥിലാജിനും പുറമെ അപ്പൂസ്,ഷഹിന്‍ എന്നീ ഡിവൈഎഫ്ഐ പ്രവര്‍ത്തകരും എതിര്‍പക്ഷത്തെ വെട്ടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ സംഭവത്തിലെ ഇവരുടെ പങ്കിനെ പറ്റി വിശദമാക്കാനോ ഇവരെ കസ്റ്റഡിയില്‍ എടുക്കാനോ പൊലീസ് തയാറായില്ലെന്നും വിമര്‍ശനമുണ്ട്. കൊല്ലപ്പെട്ടവരടങ്ങിയ സംഘം മറുപക്ഷത്തെ വെട്ടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണെങ്കിലും പ്രതികളുടെ പരിക്കിനെ പറ്റിയടക്കം പല വിവരങ്ങളും പൊലീസ് മറച്ചുവയ്ക്കുകയാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

വെഞ്ഞാറമൂട് കൊലപാതകം സി പി എം ചേരിപ്പോരിൽ നിന്ന്  ഉണ്ടായതാണ്. 2019 ൽ ഡി.കെ.മുരളിയുടെ മകനെ സിപിഎമ്മുകാർ വേങ്ങമല ക്ഷേത്രത്തിനു സമീപം തടഞ്ഞതോടെയാണ് ഈ പ്രശ്നങ്ങൾ തുടങ്ങിയത്. സിപിഎം പ്രവർത്തകൻ ഫൈസലിനു നേരെ ഉണ്ടായ വധശ്രമവും പാർട്ടിയിലെ ചേരിപ്പോരിനെ തുടർന്നായിരുന്നു. കേസിൽ ഒരു ബന്ധവും ഇല്ലാതിരുന്ന രണ്ട്  ചെറുപ്പക്കാരെയും ഇപ്പോൾ കേസിൽ പ്രതി ചേർത്തു. കൊല്ലപ്പെട്ടവരുടെ കൈയിലെ ആയുധങ്ങൾ സംബന്ധിച്ച്റഹിമിന്റെയും ആനാവൂർ നാഗപ്പന്റെയും പ്രസ്താവനകളിലെ വൈരുധ്യം സി പി എം വിഭാഗീയതയ്ക്ക് തെളിവാണ്.

റഹിമിന്റെ വിശ്വസ്തനും ഡിവൈഎഫ്ഐ ഏരിയാ ജോയിന്റ് സെക്രട്ടറിയുമായ സഞ്ജയനെ കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട മിഥിലാജ് .,സി പി എം പ്രവർത്തകൻ ഷറഫുദ്ദീനെ വധിക്കാൻ ശ്രമിച്ച കേസിലും മിദിലാജ് പ്രയാണ്. കൊലപാതകത്തിൽ പങ്കെടുത്ത പലരും ഇപ്പോഴും റഹിമിന്റെ സംരക്ഷണയിൽ ഒളിവിൽ കഴിയുന്നു. കേരള പൊലീസ് അന്വേഷിച്ചാൽ യഥാർഥ പ്രതികളെ കണ്ടെത്താനാവില്ലെന്നും നേതാക്കൾ ആരോപിച്ചു.