Asianet News MalayalamAsianet News Malayalam

ഇന്ത്യ ഏകോപനസമിതിയിൽ സിപിഎം വിട്ടു നിൽക്കുന്നത് കേരളത്തിൽ ആയുധമാക്കും,ബിജെപിയെ സഹായിക്കാനെന്ന് കോണ്‍ഗ്രസ്

നിലവിലെ രാഷ്ട്രീയസാഹചര്യത്തിൽ ബിജെപിക്ക് ഒരേയൊരു ബദൽ കോൺഗ്രസ് എന്ന പ്രചാരണമാകും കേരളത്തിൽ മുന്നോട്ട് വയ്ക്കുക

congress to campaign against cpm in kerala, on India front stand
Author
First Published Sep 18, 2023, 10:52 AM IST

തിരുവനന്തപുരം:ഇന്ത്യ ഏകോപനസമിതിയിൽ നിന്ന് സിപിഎം വിട്ടു നിൽക്കുന്നത് കേരളത്തിൽ ആയുധമാക്കാൻ കോൺഗ്രസ്. ബിജെപിയെ സഹായിക്കാനാണ് ഇന്ത്യ ഏകോപനസമിതിയിൽ അംഗമാകേണ്ടെന്ന് സിപിഎം തീരുമാനിച്ചതെന്നും നിലവിലെ രാഷ്ട്രീയസാഹചര്യത്തിൽ ബിജെപിക്ക് ഒരേയൊരു ബദൽ കോൺഗ്രസ് എന്ന പ്രചാരണമാകും കേരളത്തിൽ മുന്നോട്ട് വയ്ക്കുക. സർവേകളുടെ അടിസ്ഥാനത്തിൽ വിജയസാധ്യത മാത്രം മുൻനിർത്തിയാകും ഇത്തവണ സ്ഥാനാർഥി നിർണയം.

 

ഇന്ത്യ ഐക്യനിരയിലെ എല്ലാ പാർട്ടികളെയും ഏകോപനസമിതി പ്രതിനിധീകരിക്കുന്നില്ല എന്ന് വിലയിരുത്തിയാണ്, സിപിഎം പ്രതിനിധിയെ ഏകോപനസമിതിയിലേക്ക് അയക്കേണ്ടതില്ലെന്ന് ദില്ലിയിൽ ചേർന്ന പൊളിറ്റ് ബ്യൂറോ യോഗം തീരുമാനിച്ചത്. ബിജെപിയെ താഴെയിറക്കാൻ പ്രതിപക്ഷ ഐക്യനിര ആവശ്യമാണ്. എന്നാൽ സീറ്റ് വിഭജനത്തിനും തെരഞ്ഞെടുപ്പ് സഹകരണത്തിനും ഒരു കേന്ദ്രീകൃതസമിതി വേണ്ട. ഓരോ സംസ്ഥാനങ്ങളുടെയും സാഹചര്യം അനുസരിച്ച് തീരുമാനമെടുക്കണം. ഇതാണ് പിബിയുടെ നിലപാട്. ഇത് ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനെതിരെ ആയുധമാക്കാനാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വം ലക്ഷ്യമിടുന്നത്. ബിജെപിയെ എതിർക്കാൻ ഒരു ഐക്യനിര രൂപപ്പെട്ട് വരുമ്പോൾ അതിന്‍റെ ഒരു പ്രധാന ഏകോപനസമിതിയിൽ നിന്ന് സിപിഎം വിട്ട് നിൽക്കുന്നത് ബിജെപിയെ സഹായിക്കാനാണെന്ന പ്രചാരണം കേരളത്തിൽ കോൺഗ്രസ് മുന്നോട്ട് വയ്ക്കും.

സാധാരണക്കാരുടെ ക്ഷേമപദ്ധതികൾ നടപ്പാക്കാൻ, ദളിത്, ന്യൂനപക്ഷവിഭാഗങ്ങളുടെ അവകാശസംരക്ഷണത്തിന്, മതേതരത്വം ഉറപ്പാക്കാൻ ബദൽ കോൺഗ്രസ് മാത്രം എന്നതാകും കേരളത്തിലെ പ്രചാരണം. കർണാടകയിൽ മൂന്ന് തട്ടുകളിലായി സർവേകൾ നടത്തി സ്ഥാനാർഥി നിർണയം നടത്തിയത് പോലെ, സുനിൽ കനുഗോലു അടക്കമുള്ള തെരഞ്ഞെടുപ്പ് തന്ത്രജ്ഞരുടെ സർവേകളുടെ അടിസ്ഥാനത്തിൽ വിജയസാധ്യത മാത്രം കണക്കിലെടുത്താകും സ്ഥാനാർഥി നിർണയം. രാഹുൽ ഗാന്ധി വീണ്ടും കേരളത്തിൽ നിന്ന് മത്സരിക്കുക കൂടി ചെയ്താൽ കോൺഗ്രസിന് മികച്ച വിജയമുറപ്പെന്നും കേരളത്തിലെ നേതാക്കൾ പ്രവർത്തകസമിതിയിൽ പറഞ്ഞു. എത്രയും പെട്ടെന്ന് സ്ഥാനാർഥി നി‍ർണയം പൂർത്തിയാക്കി, നേരത്തേ തന്നെ പ്രചാരണം തുടങ്ങാനാണ് കോൺഗ്രസ് ലക്ഷ്യം വയ്ക്കുന്നത്.

 

Follow Us:
Download App:
  • android
  • ios