രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്റ്റ് വൈകുന്നതിലൂടെ തെളിവ് നശിപ്പിക്കാനുള്ള സമയം പ്രതിക്ക് ലഭിക്കുകയാണ്. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും രാഹുലിന് സംരക്ഷണം ഒരുക്കുന്നത് കോൺഗ്രസിൽ പുതിയതായി രൂപംകൊണ്ട അധോലോക സംഘമാണെന്നും കെ സുരേന്ദ്രൻ.

തൃശ്ശൂർ: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്റ്റ് വൈകുന്നതിലൂടെ തെളിവ് നശിപ്പിക്കാനുള്ള സമയം പ്രതിക്ക് ലഭിക്കുകയാണെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും രാഹുലിന് സംരക്ഷണം ഒരുക്കുന്നത് കോൺഗ്രസിൽ പുതിയതായി രൂപംകൊണ്ട അധോലോക സംഘമാണെന്നും കെ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിന് കേട്ടുകേൾവിയില്ലാത്ത സംഭവമാണിത്. അറസ്റ്റ് വൈകുന്നതിലൂടെ രാഹുൽ മാങ്കൂട്ടത്തിലിന് രക്ഷപ്പെടാനുള്ള പഴുതുകൾ ഒരുക്കുകയാണോ എന്ന സംശയം ബലപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ 15ൽ അധികം പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ടതായാണ് അറിയുന്നത്. രാഹുൽ മുങ്ങിയതിന് പിന്നിൽ ഉന്നതരുടെ പങ്ക് വ്യക്തമാണ്. രാഹുലിന് എതിരായി മുൻപ് വന്നിട്ടുള്ള പല കേസുകളിലും സംരക്ഷണം ലഭിച്ചിരുന്നു. സംഘടിത കുറ്റകൃത്യമാണ് നടന്നത്. ഇരകൾ പങ്കുവെക്കപ്പെട്ടിട്ടുണ്ടെന്ന ഗുരുതരമായ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ആൺകുട്ടിയും പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. ഈ സംഭവത്തിന്റെയും തെളിവുകൾ പൊലീസിന്റെ പക്കലുണ്ടെന്ന് പറഞ്ഞ സുരേന്ദ്രൻ ഇതിന് പിന്നിലുള്ള എല്ലാവരെയും പുറത്തുകൊണ്ടുവരണമെന്നും പറഞ്ഞു.